മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: റിയാദ്-കോഴിക്കോട് സെക്ടറില്‍ അര്‍ധരാത്രി ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് പ്രവാസികള്‍ക്ക് ദുരിതമാകുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈനാസ്, സൗദി എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളാണ് രാത്രിയില്‍ തൊട്ടടുത്ത സമയങ്ങളിലായി കോഴിക്കോട്ടേക്ക് പറക്കുന്നത്. ഈ വിമാനങ്ങള്‍ പോയിക്കഴിഞ്ഞാല്‍ പിന്നീട് അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളെ മാത്രമാണ് ആശ്രയം. അതിനാല്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

റിയാദില്‍ നിന്ന് രാത്രി 11.55 നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്. തൊട്ടുപിന്നാലെ 12.40ന് ഫ്‌ളൈനാസും പുലര്‍ച്ചെ ഒന്നിന് സൗദിയയും പറന്നുയരും. തിരിച്ച് കോഴിക്കോട് നിന്നും റിയാദിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാത്രി സര്‍വീസ് നടത്തുമ്പോള്‍ ഫ്‌ളൈനാസും സൗദിയയും രാവിലെ ഒന്‍പതിനും പത്തിനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്.
സൗദിയിലെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം കണക്ഷന്‍ സര്‍വീസുകളുള്ള സൗദിയയുടെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നാണ് യാത്രക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. പ്രവാസികള്‍ക്ക് പുറമെ ഉംറ തീര്‍ത്ഥാടകരും വന്‍തോതില്‍ ആശ്രയിക്കുന്ന സര്‍വീസാണിത്. വിദൂര സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരുടെ സൗകര്യം പരിഗണിച്ച് കോഴിക്കോട് നിന്നുള്ള പുറപ്പെടല്‍ സമയം ഉച്ചയ്ക്ക് ശേഷമാക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം സൗദിയയുടെ കോഴിക്കോട്-ജിദ്ദ സര്‍വീസ് പുനരാരംഭിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

നിലവില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചാണ് സൗദിയ റിയാദ്-കോഴിക്കോട് സര്‍വീസ് നടത്തുന്നത്. മുന്‍പ് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് സൗദിയ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






