Sauditimesonline

UNITED FC
ലോകകപ്പ് പ്രവചന മത്സരം: റിയാദില്‍ ജേതാക്കളായി നൂറും അസ്ഹറും

പ്രവാസിയുടെ കണ്ണീരൊപ്പാന്‍ നാടൊരുക്കിയ കരുതല്‍; ഒരു കോടിയുടെ താങ്ങുമായി നോര്‍ക്ക

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യഅപകട ഇന്‍ഷുറന്‍സ് പദ്ധതി ‘നോര്‍ക്ക കെയര്‍ പ്ലസ്’ രണ്ടാംഘട്ട എന്റോള്‍മെന്റും പോര്‍ട്ടല്‍ ലോഞ്ചിംഗും ഓഗസ്റ്റ് 18ന്. പരിപാടി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ രാജേഷ് മാധവനാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെ ഒരു മാസം രണ്ടാംഘട്ട എന്റോള്‍മെന്റ് ക്യാമ്പയിന്‍ നടക്കും. 2026 ഏപ്രില്‍ 15ന് പ്രാബല്യത്തില്‍ വന്ന നോര്‍ക്ക കെയര്‍ പ്ലസിന്റെ ശേഷിക്കുന്ന 8 മാസത്തേക്കുള്ള (2027 ഏപ്രില്‍ 14 വരെ) എന്റോള്‍മെന്റാണ് ഇപ്പോള്‍ നടക്കുന്നത്. കാലയളവിലെ വ്യത്യാസത്തിനനുസരിച്ച് പ്രീമിയം തുകയിലും മാറ്റങ്ങളുണ്ടാകും.

അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ് വ്യത്യസ്ത സ്ലാബുകളിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 18 മുതല്‍ 70 വയസ്സുവരെയുള്ള സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി എന്നിവയുള്ള പ്രവാസി മലയാളികള്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ മാതാപിതാക്കളെയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താം.

നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ‘നോര്‍ക്ക കെയര്‍ പ്ലസ്’ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. കേരളത്തിലെ 688ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 24,000 ആശുപത്രികള്‍ വഴി ക്യാഷ്‌ലെസ് ചികിത്സാ സൗകര്യമാണ് പദ്ധതി ഉറപ്പാക്കുന്നത്. നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതികളിലായി ഇതുവരെ 138 രാജ്യങ്ങളില്‍ നിന്നുള്ള 1.62 ലക്ഷത്തോളം പ്രവാസി കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 31,660 പോളിസി ഉടമകള്‍ക്കായി 227 കോടി രൂപയുടെ ക്ലെയിമുകള്‍ വിതരണം ചെയ്തു. സമര്‍പ്പിച്ച ക്ലെയിമുകളില്‍ 99.38 ശതമാനവും തീര്‍പ്പാക്കിക്കൊണ്ടാണ് പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ്, സെക്ഷന്‍ ഓഫിസര്‍ രമണി കെ. എന്നിവരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top