
റിയാദ്: നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാര്‍ക്ക് ജാമ്യം നല്‍കുന്നു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് നിര്‍ത്തിയതോടെ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കാണ് ജാമ്യം അനുവദിക്കുന്നത്.
പൊതു സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിയിലായവര്‍ക്കാണ് ജാമ്യം. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവര്‍, തൊഴിലിടങ്ങളില്‍ നിന്നു ഓടിപ്പോയ ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിക്കുന്നത്. റിയാദില്‍ 213 ഇന്ത്യക്കാരാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നത്. ഇവരില്‍ പലര്‍ക്കും നേരത്തെ ഇന്ത്യന്‍ എംബസി ഔട് പാസ് വിതരണം ചെയ്തിരുന്നു. എന്നാല്‍ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയതോടെ ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനായില്ല. നിരവധി മലയാളികളും ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലുണ്ടെന്നാണ് വിവരം. ജാമ്യം നേടുന്നതിന് എംബസി ചുമതലപ്പെടുത്തുന്ന പ്രതിനിധി, സ്‌പോണ്‍സര്‍, സ്വദേശി പൗരന്‍ എന്നിവരില്‍ ആരെങ്കിലും ആവശ്യമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കേസുകള്‍ നേരിടുന്നവര്‍ക്ക് ജാമ്യം അനുവദിക്കില്ല.
മൂന്നു മലയാളികളെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശ്രമം തുടങ്ങിയതായി എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വളന്റിയറും കെഎംസിസി വെല്‍ഫെയര്‍ ചെയര്‍മാനുമായ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






