Sauditimesonline

KELI FAREWELL
ജയപ്രകാശിന് കേളി യാത്രയയപ്പ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറക്കും; തിരുവനന്തപുര-റിയാദ് റൂട്ടില്‍ ‘സൗദിയ’യ്ക്ക് അനുമതിയില്ല

തിരുവനന്തപുരം: പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള വിമാന സര്‍വീസ് വീണ്ടും യാഥാര്‍ഥ്യമാകുന്നു. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങളുടെ പൂര്‍ണ്ണ അനുമതിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് നേരിട്ട് സര്‍വീസ് നടത്തും. എന്നാല്‍, ഈ റൂട്ടില്‍ സര്‍വീസ് നടത്താനുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ (സൗദിയ) അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യോമയാന കരാര്‍ പ്രകാരം ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിന് നിയമതടസ്സങ്ങളില്ല. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ലാന്‍ഡിങ് സ്ലോട്ടുകള്‍ അനുവദിച്ചതോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് സര്‍വീസ് തുടങ്ങാന്‍ വഴിയൊരുങ്ങിയത്. സ്വന്തം രാജ്യത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് വിദേശത്തേക്ക് പറക്കുന്നതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ‘പോയിന്റ് ഓഫ് കോള്‍’ തടസ്സങ്ങള്‍ ബാധകമല്ല.

2019 വരെ തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് സൗദിയ സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് അത് നിലച്ചു. സര്‍വീസ് പുനരാരംഭിക്കാന്‍ സൗദി ഏവിയേഷന്‍ അതോറിറ്റി അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അത് തള്ളുകയായിരുന്നു. ഇന്ത്യയിലെ മെട്രോ ഇതര വിമാനത്താവളങ്ങളിലേക്ക് വിദേശ എയര്‍ലൈനുകള്‍ക്ക് പുതുതായി ‘പോയിന്റ് ഓഫ് കോള്‍’ അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നയമാണ് സൗദിയയ്ക്ക് തിരിച്ചടിയായത്. ഇത്തരം റൂട്ടുകളിലെ യാത്രാ ആവശ്യകത ഇന്ത്യന്‍ എയര്‍ലൈനുകള്‍ വഴി തന്നെ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സൗദിയയ്ക്ക് അനുമതിയില്ലെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി മേഖലയിലുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. നിലവില്‍ മറ്റ് എയര്‍ലൈനുകള്‍ വഴി കണക്റ്റിങ് ഫ്‌ലൈറ്റുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ഇനി റിയാദിലേക്ക് കുറഞ്ഞ ചെലവില്‍ നേരിട്ടെത്താം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top