
റിയാദ്: ആയിരക്കണക്കിന് പ്രവാസികള്ക്കും അവരുടെ കുടുംബങ്ങള്ക്കും ആശ്വാസമേകുന്ന സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കൂടുതല് ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് അനിവാര്യമാണെന്ന് നാഷണല് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന് കാക്കിയ. പദ്ധതിയുടെ പ്രവര്ത്തനങ്ങള് കാര്യക്ഷമമായി കൊണ്ടുപോകാന് എല്ലാവരുടെയും ജാഗ്രതയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ പദ്ധതി കോഓര്ഡിനേറ്റര്മാര്ക്കായി സൗദിയില് ഒരു മാസമായി നാഷണല് കമ്മിറ്റി സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെയും മൊബൈല് ആപ്പ് പരിചയപ്പെടുത്തലിന്റെയും സമാപനം റിയാദ് ഷോല മാള് ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീക്ഷ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്ക്ക് താങ്ങും തണലുമാകുന്ന പദ്ധതിയിലൂടെ ഓരോ വര്ഷവും കോടിക്കണക്കിന് രൂപയുടെ സഹായം നല്കാന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റിയാദ് സെന്ട്രല് കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സുരക്ഷാ പദ്ധതി ചീഫ് കോഓര്ഡിനേറ്റര് റഫീഖ് പാറക്കല് പരിശീലനത്തിന് നേതൃത്വം നല്കി. പദ്ധതിയുടെ നാള്വഴികള്, പ്രവര്ത്തനരീതികള്, അംഗത്വ നടപടികള്, മൊബൈല് ആപ്പിന്റെ ഉപയോഗം, സേവനങ്ങള് അര്ഹരായ പ്രവാസി കുടുംബങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള മാര്ഗങ്ങള് എന്നിവ അദ്ദേഹം വിശദീകരിച്ചു.
2014ല് ആരംഭിച്ച കെ.എം.സി.സി സുരക്ഷാ പദ്ധതി പതിനാലാം വര്ഷത്തിലേക്ക് കടക്കുമ്പോള് പ്രതിവര്ഷം ശരാശരി ഒരു ലക്ഷത്തോളം പേരാണ് അംഗങ്ങളാകുന്നത്. ജാതിമത ഭേദമന്യേ എല്ലാ പ്രവാസികള്ക്കും പങ്കാളികളാകാം. 2027ലേക്കുള്ള അംഗത്വ ക്യാമ്പയിന് സെപ്റ്റംബര് 15 മുതല് ഡിസംബര് 15 വരെ നടക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.

സൗദി നാഷണല് കമ്മിറ്റി ചെയര്മാന് ഖാദര് ചെങ്കള, വൈസ് പ്രസിഡന്റുമാരായ ഉസ്മാന് അലി പാലത്തിങ്ങല്, ശറഫുദ്ധീന് കണ്ണേറ്റി, സെന്ട്രല് കമ്മിറ്റി ട്രഷറര് അഷ്റഫ് വെള്ളേപ്പാടം, ഓര്ഗനൈസിംഗ് സെക്രട്ടറി സത്താര് താമരത്ത്, ചെയര്മാന് യു.പി. മുസ്തഫ, വാദിദവാസിര് സെന്ട്രല് കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് കോഴിച്ചെന, നാഷണല് കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ. കോയാമു ഹാജി, മുജീബ് ഉപ്പട, മൊയ്തീന്കുട്ടി തെന്നല, മുഹമ്മദ് വേങ്ങര, ജലീല് തിരൂര്, സെന്ട്രല് കമ്മിറ്റി ഭാരവാഹികളായ നാസര് മാങ്കാവ്, നജീബ് നല്ലാംങ്കണ്ടി, ഷമീര് പറമ്പത്ത്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്, പി.സി. മജീദ് തുടങ്ങിയവര് പങ്കെടുത്തു. നജീബ് വാഫിയുടെ പ്രാര്ഥനയോടെ ആരംഭിച്ച ചടങ്ങില് സെന്ട്രല് കമ്മിറ്റി ജനറല് സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി ഷാഫി മാസ്റ്റര് തുവ്വൂര് നന്ദിയും പറഞ്ഞു.
വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






