Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

വായനയുടെ സുഗന്ധം പടര്‍ത്തി ‘എഴുത്തുകാരും പുസ്തകങ്ങളും’

റിയാദ്: അക്ഷരങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രവാസത്തിന്റെ വേറിട്ട ഏടുകളിലേക്ക് വായനയുടെ സുഗന്ധം പടര്‍ത്തി ‘എഴുത്തുകാരും പുസ്തകങ്ങളും’ സര്‍ഗ സംവാദം ശ്രദ്ധേയമായി. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി ഒരുക്കിയത്. എഴുത്തുകാരായ നിഖില സമീറും കമര്‍ബാനു വലിയകത്തും മുഖ്യാതിഥികളായിരുന്നു. ഇവരുടെ രചനകളുടെ അവതരണവും വായനക്കാരുമായുള്ള ആശയസംവാദവും ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി.

നിഖില സമീറിന്റെ ‘അമേയ’, ‘നീയും നിലാവും’, ‘വൈദ്യേഴ്‌സ് മന്‍സില്‍’ എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ പങ്കുവെച്ചു. കമര്‍ബാനു വലിയകത്തിന്റെ ‘ബഷീറും സുഹ്‌റയും, പിന്നെ ചന്ദ്രികയും’ എന്ന പുസ്തകം റഹ്മത്ത് അഷ്‌റഫും, ‘പ്രണയഭാഷ’ ജോസഫ് അതിരുങ്കലും, ‘ഗുല്‍മോഹറിതളുകള്‍’ സലീം പള്ളിയിലും പരിചയപ്പെടുത്തി. അതിഥികളുടെ പുസ്തകങ്ങളില്‍ നിന്നുള്ള കവിതകള്‍ ആലപിച്ച സക്കീര്‍ ദാനത്ത് കവിതകളിലെ വൈകാരികതയെക്കുറിച്ച് സദസ്സുമായി സംവദിച്ചു.

തിരക്കേറിയ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും സ്വന്തം ചിന്തകളെയും അനുഭവങ്ങളെയും ആവിഷ്‌കരിക്കാനുള്ള ആത്മീയവും മാനസികവുമായ ഇടം പ്രവാസഭൂമി തനിക്ക് നല്‍കിയതായി നിഖില സമീര്‍ പറഞ്ഞു. വായന മനുഷ്യന്റെ ചിന്താലോകത്തെ വികസിപ്പിക്കുകയും ജീവിതത്തെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ സമീപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് കമര്‍ബാനു അഭിപ്രായപ്പെട്ടു.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ അധ്യക്ഷത വഹിച്ചു. നവാസ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗണ്‍സില്‍ അംഗം നാദിര്‍ഷാ റഹ്മാന്‍ ആമുഖപ്രഭാഷണം നിര്‍വ്വഹിച്ചു. ശിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, നാസര്‍ കാരന്തൂര്‍, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, വി.ജെ. നസ്‌റുദ്ദീന്‍, രഘുനാഥ് പറശ്ശിനിക്കടവ്, സത്താര്‍ താമരത്ത്, ഷംനാദ് കരുനാഗപ്പള്ളി, ജസീല മൂസ എന്നിവര്‍ സംസാരിച്ചു. അതിഥികളായ കമര്‍ബാനുവിനും നിഖില സമീറിനും ബാലുക്കുട്ടന്‍, വി.ജെ. നസറുദ്ദീന്‍ എന്നിവര്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അഷ്‌റഫ് മേച്ചേരി സ്വാഗതവും ഹിബ അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top