Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

റിയാദ് എയര്‍പോര്‍ട്ട് ആക്രമണം: ലോകമെമ്പാടും പ്രതിഷേധം; സമാധാനത്തിന് ആഹ്വാനം

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ശക്തമായി അപലപിച്ചു. 12 പേരുടെ മരണത്തിനും 309 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ക്രൂരമായ ആക്രമണത്തിനെതിരെ ആഗോളതലത്തില്‍ വന്‍ അമര്‍ഷമാണ് ഉയര്‍ന്നുവരുന്നത്. സൗദി പൗരന്മാര്‍ക്ക് പുറമെ ബംഗ്ലാദേശ്, ഫലസ്തീന്‍, അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു.

റിയാദ് ആക്രമണത്തിന് തൊട്ടുപിന്നാലെ ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഹൂതികളുടെ പ്രൊജക്‌റ്റൈല്‍ പതിച്ചതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. മേഖലയില്‍ പുകയുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ സിവില്‍ വിമാനത്താവളങ്ങളെ ലക്ഷ്യമിടുന്ന ഹൂതികളുടെ നടപടി അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്.

അപലപിച്ച് ലോകം

സിവിലിയന്മാരെയും വിമാനത്താവളങ്ങളെയും ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

മനുഷ്യ ജീവന്‍ അപായത്തിലാകുന്നത് അംഗീകരിക്കാനാവില്ല. ആക്രമണങ്ങള്‍ ആഗോള ഗതാഗത സംവിധാനങ്ങളെയും ഊര്‍ജ്ജ മേഖലയെയും തകരാറിലാക്കുമെന്നും യൂറോപ്യന്‍ യൂനിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചു.

സിവിലിയന്മാര്‍ക്ക് നേരെയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും അറബ് ലീഗും ആക്രമണത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സൗദിയുടെ സുരക്ഷ തങ്ങളുടെയും സുരക്ഷയാണെന്ന് ഖത്തറും ബഹ്‌റൈനും വ്യക്തമാക്കി.

ആക്രമണത്തെ ശക്തമായി അപലപിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, മക്ക സംയുക്ത പ്രതിരോധ കരാര്‍ മുന്‍നിര്‍ത്തി സൗദിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരില്‍ സ്വന്തം പൗരന്മാരുള്ള ബംഗ്ലാദേശും കടുത്ത അമര്‍ഷം രേഖപ്പെടുത്തി.

നിരപരാധികളെ ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയമോ സൈനികമോ ആയ യാതൊരു ന്യായീകരണവുമില്ലെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.

താറുമാറായി വ്യോമഗതാഗതം
വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റിയാദില്‍ നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. 291ലധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായി ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ വ്യക്തമാക്കി. റിയാദിലേക്കും മറ്റു സൗദി നഗരങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ നിര്‍ത്തിവെച്ചു. സൗദി വ്യോമാതിര്‍ത്തി ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും ജാഗ്രതാ നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top