
റിയാദ്: ചില്ല സര്‍ഗവേദിയുടെ ‘കൊറോണക്കാലത്തെ വായന’ എന്ന ശീര്‍ഷകത്തില്‍ ഓണ്‍ലൈന്‍ വായനാസംവാദ പരമ്പരക്ക് തുടക്കം. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പരിപാടി വായനാനുഭവങ്ങളുടെ പുതിയ വാതായനമാണ് തുറന്നത്. ദുരിതകാലത്തും സാംസ്‌കാരിക വിനിമയങ്ങളിലൂടെ മനുഷ്യര്‍ക്ക് അകലെയിരുന്ന് അടുപ്പം കാണിക്കാനാകുമെന്നു പരിപാടി തെളിയിച്ചു. ചില്ല അംഗങ്ങള്‍ക്കൊപ്പം നാട്ടില്‍ പോയവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാരായ ‘ചില്ല’ സുഹൃത്തുക്കളും പങ്കെടുത്തു. ചില്ലയുടെ ആരംഭകാലത്ത് സജീവമായിരുന്ന അഡ്വ. ആര്‍ മുരളീധരന്‍ തിരുവന്തപുരത്ത് നിന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്‌ററ് ആശയങ്ങള്‍ അല്പമെങ്കിലും പിന്തുടരുന്ന രാജ്യങ്ങളില്‍ കൊവിഡ് ബാധ കുറച്ചെങ്കിലും നിയന്ത്രണ വിധേയമാകുന്നത് അവിടങ്ങളില്‍ ആരോഗ്യരംഗം തീര്‍ത്തും സ്വകാര്യവല്‍ക്കരിക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവര സാങ്കേതിക വിദ്യയിലൂടെ സാമൂഹികാകലം പാലിച്ചു വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ ദിനവായന ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ ആല്‍ബേര്‍ കാമുവിന്റെ ‘ദി പ്‌ളേഗ്’ എന്ന കൃതിയുടെ വായനാനുഭവം കൊറോണ കാലത്തെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചു. പ്ലേഗ് കാലവും കൊറോണകാലവും തമ്മിലുള്ള സാദൃശ്യ, വൈജാത്യങ്ങളെ വിലയിരുത്തി സംവാദവും നടന്നു. അയര്‍ലണ്ടില്‍ നിന്ന് എഴുത്തുകാരന്‍ ജുനൈദ് അബൂബക്കര്‍ സംവാദത്തിന് തുടക്കം കുറിച്ചു. ജയചന്ദ്രന്‍ നെരുവമ്പ്രം ചര്‍ച്ച ഉപസംഹരിച്ചു.
രണ്ടാം ദിനം കഥാകൃത്ത് ഇ സന്തോഷ് കുമാര്‍ കൊല്‍ക്കത്തയില്‍ നിന്ന് അതിഥിയായി പങ്കെടുത്തു. അന്തരിച്ച എഴുത്തുകാരന്‍ ഇ ഹരികുമാറിനെ അനുസ്മരിച്ച് നടന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ മികച്ച കഥകളിലൊന്നായ ‘ഡോക്ടര്‍ ഗുറാമിയുടെ ആശുപത്രി’ എം ഫൈസല്‍ അവതരിപ്പിച്ചു. ഇ ഹരികുമാറിന്റെ സര്‍ഗ സംഭാവനകളെ അനുസ്മരിച്ചു. എഴുത്തുകാരനുമായി വ്യക്തിപരമായി ബന്ധമുള്ളവരും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ബീന, മിനി, അനിത നസിം, സുലൈഖ, ഷക്കീല വഹാബ്, പ്രിയ സന്തോഷ്, അമൃത സുരേഷ്, രശ്മി രാമചന്ദ്രന്‍, നജ്മ, സീബ കൂവോട്, വിപിന്‍ കുമാര്‍, സുനില്‍ കുമാര്‍ ഏലംകുളം, നജിം കൊച്ചുകലുങ്ക്, മന്‍മോഹന്‍, ടി ആര്‍ സുബ്രഹ്മണ്യന്‍, സുരേഷ് ലാല്‍, നാസര്‍ കാരക്കുന്ന്, അഖില്‍ ഫൈസല്‍, ശ്രീജു രവീന്ദ്രന്‍, മഹേഷ് കൊടിയത്ത്, സുരേഷ് കൂവോട്, അബ്ദുള്‍റസാഖ് മുണ്ടേരി, റസൂല്‍ സലാം, കൊമ്പന്‍ മൂസ, ബഷീര്‍ കാഞ്ഞിരപ്പുഴ, അബ്ബാസ് നസീര്‍, നന്ദന്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, ജാബിറലി ടി, മനോജ്, സുനില്‍ പോത്തോട്, നൗഷാദ് കോര്‍മത്ത് എന്നിവര്‍ രണ്ടു ദിവസങ്ങളിലായി നടന്ന ചര്‍ച്ചയില്‍ സംസാരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






