നിഖില സമീര്‍

ഓര്‍മ്മവെച്ച നാള്‍ മുതല്‍ പെരുന്നാള്‍ പങ്കുവെക്കലിന്റേയും പകര്‍ന്നു കൊടുക്കലിന്റേയും ഒത്തുകൂടലിന്റേതുമായിരുന്നു. കുപ്പിവളക്കിലുക്കങ്ങളും മൈലാഞ്ചി ചോപ്പും പുത്തന്‍ കുപ്പായങ്ങളും വേണ്ടെന്നു വെച്ച ഈ വര്‍ഷ പെരുന്നാള്‍ സാമൂഹിക അകലത്തിന്റേതും മാനസിക അടുപ്പത്തിന്റേതുമാണ്. ഒഴിഞ്ഞിരിക്കലിന്റെ നേരത്തിനൊപ്പം മനുഷ്യന്മാരുടെ സാന്നിധ്യങ്ങളിലേക്കു, വിഷമങ്ങളിലേക്കു, സ്‌നേഹങ്ങളിലേക്കു വാക്കായും നോക്കായും സമാശ്വാസമായും ഹൃദയം കൊണ്ട് തൊടാനും ചേര്‍ത്തു നിര്‍ത്താനും കഴിഞ്ഞു എന്നത് ഏറെ ചാരിതാര്‍ഥ്യമേകുന്നു.
പ്രളയമായും, കോവിഡ് ആയുമൊക്കെ വിഭിന്ന രൂപത്തിലാണ് ഓരോ കാലഘട്ടത്തിനനുസരിച്ചു പ്രകൃതിയുടെ താണ്ഡവവും ശുദ്ധീകരണ പ്രക്രിയയുമൊക്കെ നടക്കുന്നത്. പ്രകൃതിയുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ മലിനീകരണം അതിരുകടന്ന കാലത്ത് ഒന്ന് ശ്വസിക്കാനും ശുദ്ധമാകുവാനുമാണോ കോവിഡ് വന്നതെന്ന് പോലും ചിന്തിച്ചു പോകുന്നു. മനുഷ്യരെല്ലാം അകത്തും മറ്റു ജീവജാലങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തില്‍ പുറത്തും വിഹരിക്കുന്നൊരു കാലം നാമൊന്നും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.
ലോക്ക് ഡൗണ്‍ കാലത്താണ് അകലങ്ങളിലെ മനസുകള്‍ കൂടുതല്‍ അടുത്തത്. ഇതത്ര ഗൗരവമുള്ള പ്രതിഭാസമല്ലെന്നു തോന്നാം. എങ്കിലും ഒന്നടുത്തു ചേര്‍ന്ന് നില്‍ക്കണം, കൈപിടിച്ചു സുഖാന്വേഷണം നടത്തണം, വാത്സല്യ പൂര്‍വം ചുംബിക്കണം… ഇതിനെല്ലാം എത്ര വലിയ വിലയാണ് മനുഷ്യ ജീവിതത്തിലുള്ളതെന്ന് വെറുമൊരു വൈറസ് പകര്‍ന്നുതന്ന തിരിച്ചറിവുകളാണ്.
എന്നാല്‍ ‘ശ്രദ്ധ ‘എത്ര മഹോന്നതമായൊരു ജീവിതചര്യയാണെന്നും ആഡംബരങ്ങളും കരുതലുകളൂം അവശ്യങ്ങളും അനാവശ്യങ്ങളും തമ്മിലുള്ള അന്തരമെന്തെന്നും വ്യക്തത കൈവരുന്നു. കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ കരുതലും ഇഴചേരലും സാധ്യമായതും ലോക് ഡൌണ്‍ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഒപ്പം നല്ലൊരു ജനവിഭാഗം മാനസിക സംഘര്‍ഷത്തിന്റെ വലയിലകപ്പെട്ട വിഷമാവസ്ഥയും സാമ്പത്തിക തൊഴില്‍ തകര്‍ച്ചയും വിസ്മരിക്കാനാകില്ല .
പെരുന്നാള്‍ കോടിയും മൈലാഞ്ചിയും മറ്റ് ആഡംബരങ്ങളുമില്ലാത്ത പെരുന്നാള്‍ സന്തോഷത്തിനു കുറവുവരുത്തില്ല. കുഞ്ഞു മക്കള്‍ പോലും ലോക ജനതയുടെ സ്വാസ്ഥ്യത്തിനായി നിരന്തരം ആഗ്രഹിക്കുന്നുണ്ടെന്നത് നല്ല തിരിച്ചറിവാണ്. വ്യക്തി സൂക്ഷ്മത, ശുചിത്വം, ആരോഗ്യകരമായ അകലം പാലിക്കല്‍, സാമൂഹിക മര്യാദകള്‍ എന്നിവയൊക്കെ നിയമങ്ങള്‍ മാത്രമല്ല നിലനില്‍പിനുളള ആധാരമാണ് എന്നുകൂടി പഠിപ്പിച്ച കാലമാണിത്.
ആരാധനാലയങ്ങളേക്കാള്‍ മനുഷ്യന്റെ ഉള്‍ശുദ്ധിയാണ് ഉത്തമമെന്നു തിരിച്ചറിഞ്ഞ നോമ്പ് നാളുകള്‍ക്കു ശേഷമണഞ്ഞ ഒതുക്ക പെരുന്നാള്‍ ദിനം. പ്രവാസം വെറുമൊരു കണക്കെടുപ്പിന്റെ കറവപ്പശുക്കളുടെ കേന്ദ്രമല്ലെന്ന കരുതല്‍; കോവിഡ് വറുതിയില്‍ സമാശ്വാസമായി തഴുകിയിട്ടുണ്ട്. നാട്ടിലേക്ക് സ്ഥിരം വിളിച്ചു കൊണ്ടിരുന്ന പ്രവാസിയെ തേടി നാട്ടില്‍ നിന്നുള്ള ഫോണ്‍ വിളികളും ക്ഷേമാന്വേഷണങ്ങളും എത്തുന്നത് ഏറെ ആശ്വാസമാണ് .
എന്നാല്‍ കോവിഡ് താണ്ഡവമാടുന്ന രോഗ രീതി വൈവിധ്യം കുറച്ചൊന്നുമല്ല ലോക ജനങ്ങളില്‍ പരിഭ്രമം പടര്‍ത്തുന്നത്. കോവിഡ് കാലത്ത് പ്രവാസികള്‍ക്കിടയില്‍ കൂടിവരുന്ന ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള മരണ നിരക്ക് ഉത്തരമില്ലാത്തൊരു ചോദ്യചിഹ്നമായ് വളഞ്ഞു കുത്തി നില്‍ക്കുന്നു.
തന്നില്‍ താണവനിലേക്കും ബുദ്ധിമുട്ടുള്ളവനിലേക്കും ആത്മാര്‍ത്ഥയോടെ നോക്കാന്‍ പഠിപ്പിച്ച കാലമെന്നും കോവിഡ് കാലത്തെ വിശേഷിപ്പിക്കാം. നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ കൊണ്ട് മനുഷ്യത്വത്തെ വാനോളമുയര്‍ത്തുന്ന വിവിധ സംഘടനകളും കൂട്ടായ്മകളും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ആതുര ശുശ്രൂഷാ മേഖലയിലുള്ള ഡോക്ടര്‍, നേഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റു സേവകര്‍ എന്നിവര്‍ ഈ പെരുന്നാളിന് ത്യാഗത്തിന്റെയും സഹനത്തിന്റെയും പൊന്നിന്‍ തിളക്കമാണ്. ലോകമിത്രമേല്‍ ജാഗ്രതയോടെ കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കുമ്പോള്‍ നാം ഓരോരുത്തരും ശ്രദ്ധിച്ചു പരിപാലിക്കേണ്ട കാര്യങ്ങളെ വിസ്മരിക്കാന്‍ ഒരൊറ്റ നിമിഷം പോലും ഇടയാകാതിരിക്കട്ടെ.
ലോകം കോവിഡിനെയും വഹിച്ചു കാലത്തിനൊപ്പം നീങ്ങുമ്പോള്‍ കൈവന്ന തിരിച്ചറിവും പൊരുത്തപ്പെടലും പാകപ്പെടലും ഇന്നേവരെ അഭിമുഖീകരിക്കാത്ത വലിയ ദുരന്തങ്ങളോട് പോലും പൊരുത്തപ്പെട്ടു നീങ്ങാനുള്ള മനുഷ്യന്റെ ശേഷിയെക്കൂടിയാണ് ഓര്‍മ്മിപ്പിക്കുന്നത്. കുയിലും ബുള്‍ബുളും ദേശാടന പക്ഷികളുമൊക്കെ വിരുന്നെത്തുന്ന തൊടിയും പുകപടലങ്ങളും വിഷവാതകങ്ങളും ഒഴിഞ്ഞ അന്തരീക്ഷവും. മാലിന്യമകന്നു തെളിഞ്ഞൊഴുകുന്ന പുഴയും ഒക്കെയായ് വരും തലമുറയ്ക്ക് വേണ്ടി പ്രകൃതി സ്വയം കുളിച്ചു തോര്‍ത്തി പരിപാലിക്കുകയാവാം എന്ന് സമാശ്വസിക്കാം. ലോകസാമ്പത്തിക ഘടനയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കോവിഡ് കാലം ഒരുപരിധി കഴിയുമ്പോള്‍ മനുഷ്യരെ പഴയപോലെ സമൂഹത്തില്‍ കോവിഡിനൊപ്പം സജീവമാക്കാന്‍ ഇടയാക്കും .അപ്പോഴാണ് ജാഗ്രത ഏറെ അവശ്യവും.
കരുതലോടെ, ഭയത്തോടെ, ജാഗ്രതയോടെ പരസ്പരമുള്ള ഉത്തരവാദിത്തത്തോടെ കോവിഡ് നൊപ്പം നമ്മള്‍ നടന്നേ പറ്റൂ.
ഓണ്‍ലൈന്‍ പഠനരീതിയിലൂടെയും മീറ്റിങ്ങുകളിലൂടെയും
പഠനവും ബന്ധങ്ങളും കണ്ടുമുട്ടലുകളൂം പുരോഗമിക്കുന്നൊരു കാലം ചിലപ്പോഴൊക്കെ ദുരൂഹത നിറഞ്ഞ ഒരു ചലച്ചിത്രാവിഷ്‌കാരം പോലെ വിഹ്വലപ്പെടുത്താറുമുണ്ട്. പണമോ സ്വാധീനമോ മറ്റു ശേഷികളോ മാത്രം മതിയാകില്ല എല്ലാക്കാര്യത്തിനെന്ന തിരിച്ചറിവും കോവിഡ് കാലം പഠിപ്പിക്കുന്നുണ്ട്. ഇതെല്ലാം കാലങ്ങള്‍ കഴിയുമ്പോള്‍ അടുത്ത തലമുറക്കുള്ള ചരിത്ര പഠന ഭാഗമായെന്നും വരാം.
ലാളിത്യത്തിന്റെ പെരുന്നാള്‍ നമുക്കൊപ്പം കൂടാനുള്ള പലരും നമ്മെ വിട്ടുപിരിഞ്ഞ നാളില്‍ ഇത് എഴുതാനും വായിക്കാനും പെരുന്നാള്‍ കൂടാനും ജീവിച്ചിരിക്കുന്നു എന്നതാണ് ഉത്തമ സന്തോഷം. പ്രതിസന്ധികളും പ്രതിരോധങ്ങളും പിടിച്ചുനില്‍ക്കലുകള്‍ക്കും ശേഷം സമാശ്വാസമേകുന്ന ഒത്തുകൂടലുകളുടെ നല്ല നാളുകള്‍ വീണ്ടും വിടരുമെന്ന് പ്രതീക്ഷിക്കാം. ഈ സമയവും കടന്നുപോകും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






