
റിയാദ്: ചികിത്സാ പിഴവിനെ തുടര്‍ന്ന് സൗദിയിലെ ബിശയിലുളള കിംഗ് അബ്ദുല്ല ആശുപത്രിയിലെ 25 ശതമാനം ഡോക്ടര്‍മാര്‍ യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുളള ഡോക്ടര്‍മാര്‍ക്കാണ് രാജ്യത്തിന് പുറത്തു പോകാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ജറി, ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ക്കാണ് യാത്രാ വിലക്കുളളത്. ചികിത്സക്കെത്തിയവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ചികിത്സയിലിരിക്കെ മരണം സംഭവിക്കുക, അവശത നേരിടുക തുടങ്ങിയ പരാതികളാണ് ഡോക്ടര്‍മാര്‍ക്കെതിരെ ഉന്നയിച്ചിട്ടുളളത്. ഇതിനെ തുടര്‍ന്ന് പരാതി പരിശോധിക്കുന്നതിന് ആരോഗ്യ വകുപ്പ് വിദഗ്ദ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, അന്വേഷണം നേരിടുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ തുടരുകയാണ്. വിദഗ്ദ സമിതിയുടെ അന്വേഷണത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കേസ് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറും. വിചാരണക്കു ശേഷം ചികിത്സാ പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയാല്‍ മാത്രമാണ് ശിക്ഷ ലഭിക്കുക. ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതിക്കാര്‍ക്ക് അവകാശമുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






