നൗഫല്‍ പാലക്കാടന്‍

റിയാദ്: ജനദിരിയാ വില്ലേജില്‍ ഒരുക്കിയ യുദ്ധക്കളം കൗതുക കാഴ്ചയാകുന്നു. പിച്ചാത്തി മുതല്‍ പീരങ്കി വരെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. റിയാദ് സീസണിലെ പ്രധാന കാഴ്ചകളിലൊന്നാണ് കോംബാറ്റ് ഫീല്‍ഡ് അഥവാ യുദ്ധക്കളം. ചരിത്രാന്വേഷികളെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും വിധമാണ് നഗരി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത യുദ്ധ ഉപകരണങ്ങള്‍ മൂതല്‍ അത്യാധുനിക യുദ്ധ സംവിധാനം വരെ ഇവിടെ കാഴ്ചക്കാരില്‍ കൗതുകം തീര്‍ക്കും.
യുദ്ധ ഭൂമിയില്‍ എത്തിപ്പെട്ട അനുഭവമാണ് കോംബാറ്റ് ഫീല്‍ഡിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സമ്മാനിക്കുക. അതിര്‍ത്തികളിലും നിരത്തുകളിലും കെട്ടിട സമുച്ചയങ്ങളിലും യുദ്ധം ചെയ്യുന്ന രീതികള്‍ ശബ്ദദൃശ്യ വിസ്മയത്തോടെയാണ് ആസ്വാദകരെ അമ്പരപ്പിക്കുന്നത്.

മരുഭൂമിയിലും മലമടക്കുകള്‍ക്കിടയിലും ഉപയോഗിക്കുന്ന യുദ്ധ വാഹനങ്ങള്‍, ഉപകരണങ്ങള്‍, സുരക്ഷ കവചങ്ങള്‍,തുടങ്ങി യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ അറിവകളും കോംബാറ്റ് ഫീല്‍ഡില്‍ അടുത്തറിയാന്‍ അവസരം ഉണ്ട്. സൗദി അറേബ്യയുടെ പരമ്പരാഗത നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാന്‍ സൗദിയുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങള്‍ മേളക്ക് മാറ്റ് കൂട്ടുന്നുണ്ട്. റോബോട്ടിക് യുദ്ധം,ഷൂട്ടിങ് ,അമ്പ് വില്ല് എന്നിവ ഉപയോഗിച്ചുള്ള കളികള്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാന്‍ നിരവധി ഗെയിമുകളും പവലിയനുകളില്‍ ഒരുക്കിയിട്ടുണ്ട്. വിജയികള്‍ക്കു സമ്മാനം നേടാനുളള അവസരവും ഉണ്ട്..

ആയിരക്കണക്കിന് വാഹനങ്ങള്‍ ഒരേ സമയം പാര്‍ക് ചെയ്യാനുള്ള ഗ്രൗണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റിയാദ് സിറ്റി സെന്ററില്‍ നിന്ന് 47 കിലോമീറ്റര്‍ മാറി ജനാദ്രിയയിലാണ് 30,000ചതുരശ്ര മീറ്റര്‍ പരന്ന് കിടക്കുന്ന വേദി.സൗദി അറേബ്യയുടെ പൈതൃകോത്സവമായ ജനാദ്രിയ ഉത്സവം നടക്കുന്ന പ്രദേശമാണിത്.
പ്രവൃത്തി ദിവസങ്ങളില്‍ 55 റിയാലും വാരാന്ത്യങ്ങളില്‍ 110 റിയാലുമാണ് പ്രവേശന ഫീസ്.വേദിക്കകത്തുള്ള ഗൈമുകള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട സോണിലേക്ക് പ്രവേശിക്കുന്നതിനും പ്രതേകം ഫീസ് നല്‍കണം.ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്ത് തവല്‍ക്കല്‍ന വഴി ആക്ടിവേറ്റ് ചെയ്യണം.കവാടത്തില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി തവക്കല്‍നയിലെ ടിക്കറ്റ് ക്യു ആര്‍ കോഡ് സംഘാടകര്‍ സ്‌കാന്‍ ചെയ്തതിന് ശേഷമാണ് അകത്തേക്ക് പ്രവശനം അനുവദിക്കുക. വൈകീട്ട് 5 മുതലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. കോംബാറ്റ് ഫീല്‍ഡ് അടുത്ത വര്‍ഷം മാര്‍ച്ച് 16 വരെ നീണ്ടു നില്‍ക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






