റിയാദ്: ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തില്‍ പെട്ട് ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശി അഷ്‌റഫ് അലി (25) ആണ് മരിച്ചത്. റിയാദിലെ അല്‍ഖര്‍ജ് അല്‍മറായ് റോഡിലാണ് സംഭവം. 20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യകാരന്റെ മൃതദേഹം സംബന്ധിച്ച് കേളി അല്‍ഖര്‍ജ് ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നാസര്‍ പൊന്നാനിയെ പോലീസ് സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്.
രണ്ട് ട്രെയിലറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പൂര്‍ണ്ണമായും തകര്‍ന്ന രണ്ടു വാഹനങ്ങളിലെയും ഡ്രൈവര്‍മാരായ പാക്കിസ്ഥാന്‍, നേപ്പാള്‍ സ്വദേശികളെ തിരിച്ചറിഞ്ഞു. എന്നാല്‍ മൂന്നാമത്തെ ആള്‍ ആരെന്നോ ഏത് രാജ്യക്കാരാണെന്നോ അറിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാക്ക് പൗരന്റെ വാഹനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഫ്റ്റ് ചോദിച്ചു കയറിയതാവാം എന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച സമയം മൃതദേഹത്തില്‍ നിന്നു പൊലീസിന് ഇഖാമ നമ്പര്‍ ലഭിച്ചിരുന്നു. ഇതു പരിശോധിച്ചതില്‍ നിന്നാണ് ഇന്ത്യകാരനാണെന്ന് മനസ്സിലായത്. തുടര്‍ന്നാണ് പോലീസ് നാസറിന്റെ സഹായം തേടിയത്.
ഇന്ത്യന്‍ എംബസ്സിയില്‍ വിവരം അറിയിക്കുകയും പോലീസ് നല്‍കിയ രേഖകളില്‍ നിന്നു കൂടുതല്‍ അന്വേഷണം നടത്തി അഷ്‌റഫ് അലിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നാസര്‍ പൊന്നാനിയെ ചുമതല പെടുത്തുകയും ചെയ്തു. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ്് ഹെവി ഡ്രൈവറായി എത്തിയ അഷ്‌റഫ് അലിക്ക് ഇഖാമ നല്‍കിയതിനു ശേഷം ജോലിയില്‍ ഹാജരായിട്ടില്ലെന്നും ഹുറൂബ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ അറിയിച്ചു. അതുകൊണ്ടുതന്നെ സ്‌പോണ്‍സര്‍ സഹകരിക്കാന്‍ സന്നദ്ധനായില്ല.
ഇന്ത്യന്‍ എംബസി ബീഹാറിലെ കുടുംബവുമായി ബന്ധപ്പെട്ടു രേഖകള്‍ ശേഖരിക്കുകയും നാസര്‍ പൊന്നാനി മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെആ്തു. വ്യാഴം വൈകീട്ടു എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസി ഡത്ത് വിഭാഗം ഉദ്യോഗസ്ഥന്മാരായ പ്രവീണ്‍കുമാര്‍, ഹരീഷ്, ശ്യാമ പ്രസാദ്, റിനീഫ് എന്നിവര്‍ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ തുക ചെലവഴിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.