
റിയാദ്: സൗദിയുടെ മഞ്ഞണിഞ്ഞ സ്വപ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. 2029ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് മാറ്റിവച്ചു. ഇതുസംബന്ധിച്ച് സൗദി അറേബ്യയും ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലും ധാരണയിലെത്തി. സൗദിയുടെ മെഗാ സിറ്റിയായ നിയോം മരുഭൂമിയില്‍ ഒരുങ്ങുന്ന സ്‌കി റിസോര്‍ട്ട് ട്രോജേനയില്‍ നടത്താനിരുന്ന ഗെയിംസാണ് മാറ്റിവച്ചത്.

ഏഷ്യന്‍ വിന്റര്‍ ഗെയിംസ് എപ്പോള്‍ നടത്തുമെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ നിരവധി വിന്റര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഭാവിയില്‍ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് നടത്തിപ്പിന് പരിഷ്‌കരിച്ച ചട്ടക്കൂട് സൗദിയും ഒളിമ്പിക് കൗണ്‍സിലും ധാരണയിലെത്തി. അതിന്റെ ഭാഗമായാണ് 2029ലെ ഗെയിംസ് മാറ്റിവച്ചതെന്നും അധികൃതര്‍ അറിയിച്ചു.

19 ബില്യണ്‍ ഡോളര്‍ ചെലവാണ് ട്രോജേന പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിക്കുന്നത്. വടക്കു പടിഞ്ഞാറന്‍ സൗദിയിലെ മഞ്ഞുവീഴ്ച കുറഞ്ഞ പ്രദേശത്ത് ആഡംബര ഹോട്ടലുകളുടെ മേല്‍ക്കൂരകളില്‍ ശൈത്യകാല കായിക വിനോദങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്യുന്ന ചരിഞ്ഞതും മഞ്ഞുമൂടിയതുമായ സ്‌കി സ്ലോപ്പുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. കൃത്രിമ മഞ്ഞ് ആവശ്യത്തിന് സൃഷ്ടിക്കുന്നതിലെ ക്ലേശവും സങ്കീര്‍ണമായ ഭൂപ്രകൃതിയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന സംശയം നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏഷ്യന്‍ വിന്റര്‍ ഗെയിംസ് മാറ്റിവച്ചത് ട്രോജേനയുമായി നേരിട്ട് ബന്ധപ്പെട്ടതല്ല.

ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒളിമ്പിക് തലത്തിലെ കായികതാരങ്ങളാണ് ഏഷ്യന്‍ വിന്റര്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഐസ് ഹോക്കി, സ്പീഡ് സ്‌കേറ്റിംഗ്, സ്‌നോബോര്‍ഡിംഗ്, സ്‌കീയിംഗ് തുടങ്ങിയ മത്സര ഇനങ്ങള്‍ കാണാന്‍ പതിനായിരക്കണക്കിന് കാണികളെയും പ്രതീക്ഷിക്കുന്നുണ്ട്. 2030 വേള്‍ഡ് എക്‌സ്‌പോയും 2034 ഫിഫ ലോകകപ്പും ഉള്‍പ്പെടെ അടുത്ത പത്തജ വര്‍ഷത്തിനിടെ നിരവധി അന്താരാഷ്ട്ര മേളകള്‍ക്ക് സൗദി ആതിഥേയത്വം വഹിക്കും. അതിനിടെ വിന്റര്‍ ഗെയിംസ് മാറ്റിയത് അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





