പത്തുമാസത്തെ ആശുപത്രിവാസം; യുവാവിനെ നാട്ടിലെത്തിച്ചു

റിയാദ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്ന് സൗദിയിലെ ആശുപത്രിയില്‍ 10 മാസം ചികിത്സയില്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍ സ്വദേശിയെ നാട്ടിലെത്തിച്ചു. കൊല്‍ക്കത്ത ബിര്‍ഭം നാനൂര്‍ മുനീറുദ്ദീന്‍ (27) കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് അപകടത്തില്‍ പെട്ടത്. റിയാദില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ശഖ്‌റയിലെ ആശുപത്രിയിലായിരുന്നു ചികിത്സ.

തലച്ചോറിന് ഗുരുതര പരിക്കേറ്റ് ഒരു വശം പൂര്‍ണമായി തളര്‍ന്നിരുന്നു. മുഖം, കൈകാലുകള്‍ എന്നിവിടങ്ങളിലെ അസ്ഥികള്‍ പൊട്ടുകയും ചെയ്തു. വിദഗ്ധ ചികിത്സക്കായി റിയാദ് ശുമൈസിയിലെ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് മാസത്തെ ചികിത്സക്കു ശേഷം ശഖ്‌റ ആശുപത്രിയിലേക്ക് തന്നെ മാറ്റി.

യുവാവിനെ നാട്ടിലെത്തിക്കാന്‍ കുടുംബം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനവും നല്‍കി. റിയാദ് ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ ഇടപെടലാണ് നാട്ടിലെത്തിക്കാന്‍ സഹായകമായത്.

മുനീറുദ്ദീന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ സഹായവും ലഭിച്ചു. വിമാനത്തില്‍ വൈദ്യസഹായവും ഉറപ്പാക്കി. നാട്ടിലെത്തിക്കാനുള്ള ചുമതല ദുബൈ ആസ്ഥാനമായ ബ്ലു ഡോട്ട് നഴ്‌സിങ് കമ്പനി ഏറ്റെടുത്തു. കമ്പനി സി.ഇ.ഒ നിജില്‍ ഇബ്രാഹിം റിയാദിലെത്തി ശിഹാബ് കൊട്ടുകാടിനൊപ്പം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് യുവാവിനെ നാട്ടിലെത്തിച്ചത്. മലയാളി മെയില്‍ നഴ്‌സ് ലിജോ യുവാവിനൊപ്പം എമിറേറ്റ്‌സ് വിമാനത്തില്‍ പശ്ചിമ ബംഗാള്‍ വരെ അനുഗമിച്ചു.

നഴ്‌സുമാരായ ശോശാമ്മ, അമല, നിമ, ശോഭ എന്നിവരും ഫിറോസ്, സുനില്‍ എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ് കോണ്‍സുലര്‍ എം.ആര്‍. സജീവ്, ഉദ്യോഗസ്ഥന്‍ അര്‍ജുന്‍ സിങ് എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു.

Leave a Reply