റിയാദ്: കരിനിയമങ്ങളിലൂടെ മഹിതമായ ഇന്ത്യയുടെ പാരമ്പര്യം ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമമെന്ന് സമസ്ത കേരള ജംഇയ്യത്തില്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇത്തരക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും ക്രൂര നിയമങ്ങള്‍ക്കെതിരെ കൂട്ടമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന് മതേതര പാരമ്പര്യമാണുള്ളത്. പരസ്പര ഐക്യവും സഹവര്‍ത്തിത്വവുമാണ് രാജ്യത്തിന്റെ പാരമ്പര്യം. ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ജൈനനും ബുദ്ധനും പാര്‍സിയും മതമില്ലാത്തവനും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ജനത തോളോട് തോളൊരുമി നിന്ന് ഇന്ത്യയെ വീണ്ടെടുക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ റിയാദ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പിയുടെ ഖിറാഅത്തോടെയാണ് സംഗമം ആരംഭിച്ചത്. ഏകോപന സമിതി വൈസ് ചെയര്‍മാന്‍ യു.പി. മുസ്തഫ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനാതിപത്യ സംരക്ഷണ പ്രതിജ്ഞക്കു സലിം വാഫി മൂത്തേടം നേതൃത്വം നല്‍കി. ഫസ്‌ലുറഹ്മാന്‍ പൊന്നാനി, ശമീം അഹ്മദ് ആലുവ എന്നിവര്‍ പ്രതിഷേധ കവിതകള്‍ ആലപിച്ചു. എന്താണ് സി.എ.എ എന്‍.ആര്‍.സി എന്ന വിഷയം അബ്ദുറഹ്മാന്‍ അറക്കലും, നമ്മുടെ രാജ്യം എങ്ങോട്ട് എന്ന വിഷയം ഡോ. മുഹമ്മദ് നജീബും അവതരിപ്പിച്ചു.
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം ജാനാധിപത്യ ഇന്ത്യ ചെറുത്തു തോല്‍പ്പിക്കണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ ഡല്‍ഹി ജാമിഅ മില്ലിയ്യയിലെ മൂന്ന് പെണ്‍കുട്ടികള്‍ തുടങ്ങി വെക്കുകയും രാജ്യമാകെ പടര്‍ന്ന് പിടിക്കുകയും ചെയ്തു. ഇത് ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച ഉള്‍പ്പെടെ പലതിനെയും മറച്ചു വെക്കാന്‍ കൂടിയാണ് രാത്രിയുടെ മറവിയില്‍ കാടന്‍ നിയമം ചുട്ടെടുത്തത്. ഇത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ് സംഗമം പ്രതിഷേധം പ്രകടിപ്പിച്ചത്. റിവോക്ക് സി.എ.എ റിജെക്ട് സി.എ.എ, എന്‍.ആര്‍.സി എന്നെഴുതിയ ബാനറില്‍ ഒപ്പ് ശേഖരണവും നടന്നു. ഐ.സി.എഫ് പ്രതിനിധി മുഹമ്മദ് കുട്ടി സഖാഫി ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യ കണ്ട ഏറ്റവും വലിയ പ്രതിഷേധ കൂട്ടായ്മ എക്‌സിറ്റ് 18ലെ നോഫാ ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.
സൈതലവി ഫൈസി പനങ്ങാങ്ങര (പ്രസിഡന്റ്, സമസ്ത ഇസ്‌ലാമിക് സെന്റര്‍ റിയാദ്), ജയന്‍ കൊടുങ്ങല്ലൂര്‍ (സത്യം ഓണ്‍ലൈന്‍), സത്താര്‍ താമരത്ത് (കെ.എം.സി.സി), മുനീര്‍ കൊടുങ്ങല്ലൂര്‍ (ഐ.സി.എഫ്), അഡ്വ. അബ്ദുല്‍ ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), അഡ്വ. അബ്ദുല്‍ ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), നവാസ് വെള്ളിമാട്കുന്ന് (വൈസ് പ്രസിഡന്റ്, ഒ.ഐ.സി.സി), സഹല്‍ ഹാദി (സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), ആസ്ഹര്‍ പുള്ളിയില്‍ (പ്രസിഡന്റ്, തനിമ റിയാദ്), അഡ്വ. ഹബീബ്‌റഹ്മാന്‍ (റിയാദ് ഇസ്‌ലാഹി സെന്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി), മുഹമ്മദ് ഇഖ്ബാല്‍ (പ്രസിഡന്റ്, എം.ഇ.എസ്. റിയാദ് വൈസ്), ഉബൈദ് എടവണ്ണ (മാധ്യമ പ്രവര്‍ത്തകന്‍), ഖലീല്‍ പാലോട് (പ്രവാസി സാംസ്‌കാരിക വേദി), അലവിക്കുട്ടി ഒളവട്ടൂര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി) എന്നിവര്‍ പ്രസംഗിച്ചു. ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ ഹബീബുള്ള പട്ടാമ്പി സ്വാഗതവും കണ്‍വീനര്‍ തൗഫീഖ് റഹ്മാന്‍ മങ്കട നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.