റിയാദ്: സാരംഗി കലാ സാംസ്‌കാരിക വേദി ജി കാര്‍ത്തികേയന്‍ സ്മാരക വോയിസ് ഓഫ് ഡെമോക്രസി പുരസ്‌ക്കാരം തൃശ്ശൂര്‍ പാര്‍ലമെന്റ് അംഗം ടി എന് പ്രതാപന് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാരംഗി പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 10ന് അസീസിയ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘സാരംഗി ഉത്സവ്’ 2020ല്‍ പുരസ്‌ക്കാരം സമ്മാനിക്കും.
കേരള നിയസഭാ മുന്‍ സ്പീക്കര്‍ ജി കാര്ത്തികേയന്റെ സ്മരണാര്‍ത്ഥം പൊതുപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരമാണ് ടി എന് പ്രതാപന് സമ്മാനിക്കുന്നത്. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ജനാധിപത്യാവകാശങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നിലകൊള്ളുന്ന വെക്തിയെന്നനിലയിലാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം പി യെന്ന നിലയില് പാര്‌ലിമെന്റില് ജനാധിപത്യവിരുദ്ധമായ നിയമങ്ങള്‌ക്കെതിരെ ശക്തമായി ശബ്ദം ഉയര്ത്തി മാതൃകയായ ടി എന് പ്രതാപനെ സാരംഗി ജി കാര്ത്തികേയന് വോയിസ് ഓഫ് ഡെമോക്രസി പുരസ്‌കാരം. നല്കി ആദരിക്കുന്നതില് സന്തോഷമുണ്ടെന്ന് ഭാരവാ ഹികള്‍ പറഞ്ഞു.
ആഘോഷ പരിപാടികളുടെ ഭാഗമായി മലയാള സിനിമ പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വനാഥന്‍ നയിക്കുന്ന സംഗീത നിശ, റിയാദിലെ കലാകാരന്‍മാര്‍ അണിനിരക്കുന്ന ശ്രാവ്യ ദൃശ്യവിരുന്ന് എന്നിവയും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി മുഹമ്മദാലി മണ്ണാര്‍ക്കാട്, പ്രസിഡണ്ട് സലാം ഇടുക്കി, ജനറല് സെക്രട്ടറി ജമാല് എരിഞ്ഞിമാവ്, വൈസ് പ്രസിഡണ്ട് സക്കീര്‍ ദാനത്ത്, പ്രോഗ്രാം കണ്വീനര് സുരേഷ് ശങ്കര്‍, ജീവകാരുന്ന്യ കണ്‍വീനര്‍ ജോണ്‍സണ്‍ മാര്‌ക്കോസ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.