സിബിഎസ്ഇ സൗദി ക്ലസ്റ്റര്‍ മീറ്റ്; നേട്ടം കൊയ്ത് യാര സ്‌കൂള്‍

ദമാം: സിബിഎസ്ഇ മുപ്പത്തൊന്നാമത് സൗദി ചാപ്റ്റര്‍ ക്ലസ്റ്റര്‍ മീറ്റില്‍ റിയാദ് യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന അത്‌ലറ്റിക്‌സിലും എക്‌സിബിഷനിലുമാണ് നേട്ടം.

സയന്‍സ് എക്‌സിബിഷന്‍ സീനിയര്‍ വിഭാഗത്തില്‍ സസ്റ്റയിനബിള്‍ വേസ്റ്റ് ഡിസ്‌പോസല്‍ പ്രോജക്റ്റ് അവതരിപ്പിച്ച നിസ ടി കെയും സിദ്ര തഹ്‌സീനും രണ്ടാം സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ആന്റി സ്ലീപ് ഐ ബ്ലിങ്കര്‍ സെന്‍സര്‍ അവതരിപ്പിച്ച ലക്ഷ്മി കെ എസും നദാഷ സാജിദും മൂന്നാം സ്ഥാനവും നേടി. ശാസ്ത്രസാങ്കേതിക രംഗത്തെ നവീന മാതൃകകള്‍ ഹ്രസ്വരൂപത്തില്‍ അവതരിപ്പിച്ച സയന്‍സ് എക്‌സിബിഷന്‍ സന്ദര്‍ശകരെയും അത്ഭുതപ്പെടുത്തി.

അത്‌ലറ്റിക്‌സില്‍ എണ്ണൂറ് മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അക്രമും, നൂറ് മീറ്ററിലും ഇരുന്നൂറ് മീറ്ററിലും ദേവികയും ഗോള്‍ഡ് മെകല്‍ നേടി. മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ ഇരുനൂറു മീറ്ററില്‍ വെള്ളിയും നൂറു മീറ്ററില്‍ വെങ്കലത്തിനും അര്‍ഹനായി. ലോംഗ് ജംബില്‍ ഫാത്തിമ വെള്ളി, ഷോട്ട്പുട്ടില്‍ റയാന്‍ അര്‍ഖം വെങ്കലം, മുഹമ്മദ് സൈഫ് 1500 മീറ്ററില്‍ വെങ്കലം എന്നിവ നേടി. ആണ്‍കുട്ടികളുടെ 4 ഃ 400 മീറ്റര്‍ റിലേയില്‍ വെള്ളിയും പെണ്‍കുട്ടികളുടെ 4 ഃ 400 മീറ്റര്‍ റിലേയില്‍ വെങ്കലവും നേടി.

മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ പതിനൊന്നു മെഡലുകള്‍ യാര നേടി. ടീമംഗങ്ങളെയും പരിശീലകരെയും സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പാളും അനുമോദിച്ചു. ഇന്ത്യയില്‍ നടക്കുന്ന ദേശീയ സ്‌പോര്‍ട്‌സ് മീറ്റില്‍ യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സൗദി അറേബ്യയയെ പ്രതിനിധീകരിച്ച് ഫുട്ബാള്‍ ടീമും അത്‌ലറ്റുകളിലും പങ്കെടുക്കും.

Leave a Reply