റിയാദ്: സാമൂഹിക പ്രവര്‍ത്തകനും വിവിധ സംഘടനകളുടെ സാരഥിയുമായിരുന്ന സത്താര്‍ കായംകുളം വിടവാങ്ങിയിട്ട് ഒരു വര്‍ഷം. ഇതിന്റെ ഭാഗമായി അനുസ്മരണത്തിനൊരുങ്ങുകയാണ് റിയാദിലെ പൊതു സമൂഹം. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ ‘കൃപ’, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ‘ഫോര്‍ക’, ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി എന്നിവയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടക്കും.
‘കൃപ’ ചെയര്‍മാനായിരുന്ന സത്താര്‍ കായംകുളം അനുസ്മരണ സംഗമവും സ്‌കോളര്‍ഷിപ് പദ്ധതിയുടെ ഉദ്ഘാടനവും നവംബര്‍ 14 വൈകീട്ട് 7.00ന് മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. കായംകുളം നിയമസഭാ മണ്ഡലത്തിലെ 50 സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ‘സത്താര്‍ കായംകുളം സ്‌കോളര്‍ഷിപ് പദ്ധതി’ പ്രകാരം പഠന സഹായം നല്‍കും. റിയാദിലെ സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, മാധ്യമ, രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
ഒഐസിസി ദേശീയ നേതാവും ആലപ്പുഴ ജില്ലാ കമ്മറ്റിയിലെ സജീവ സാന്നിധ്യവുമായിരുന്ന സത്താര്‍ കായംകുളം അനുസ്മരണം നവംബര്‍ 15ന് ഉച്ചക്ക് 12.30ന് മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ മുജീബ് ജനത, വര്‍ക്കിംഗ് പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം, ജന. സെക്രട്ടറി ഷബീര്‍ വരിയ്ക്കപ്പളളി, ട്രഷറര്‍ ബിജു വെണ്‍മണി എന്നിവര്‍ അറിയിച്ചു.
പ്രാദേശിക സംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ ചെയര്‍മാനായിരുന്ന സത്താര്‍ കായംകുളം അനുസ്മരണം വിപുലമായി നടത്തും. നവംബര്‍ 15ന്‌വൈകീട്ട് 7.00ന് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണത്തില്‍ അംഗസംഘടനാ നേതാക്കളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് ഫോര്‍ക ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.