റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് അനുരജ്ഞന കരാര്‍ ഒപ്പുവെച്ചു. റിയാദ് ഗവര്‍ണറേറ്റാലെ അനുരജ്ഞന സമിതി ഓഫീസിലാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, ഇരു വിഭാഗം അഭിഭാഷകര്‍, റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റിയാദ് ഇന്ത്യന്‍ എംബസി ജഡ്ജിയുടെ പേരില്‍ ഇഷ്യൂ ചെയ്ത 15 മില്യണ്‍ റിയാലിന്റെ ചെക്കും ഹാജരാക്കിയിരുന്നു. ഒപ്പുവെച്ച കരാര്‍ ഗവര്‍ണറേറ്റില്‍ നിന്ന് സാക്ഷ്യപ്പെടുത്തി ചെക്കിനോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും.
അന്തിമ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കോടതി ഇരുവിഭാഗത്തെയും വിളിപ്പിക്കും. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത ദിവസം റഹീം കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് പരിഗണിക്കുന്ന ദിവസം റഹീമിന് മാപ്പു നല്‍കുന്നത് രേഖപ്പെടുത്തുകയും വധശിക്ഷ റദ്ദാക്കുന്നതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്യും. അതിനുളള തീയതിക്കു കാത്തിരിക്കുകയാണ് റഹീം സഹായ സമിതി.
മെയ് 23ന് ഒന്നരക്കോടി സൗദി റിയാല്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബ്ദുറഹീം നിയമ സഹായ സമിതി കൈമാറിയിരുന്നു. അതിനുശേഷം ദ്രുതഗതിയിലാണ് നിയമ നടപടികള്‍ പുരോഗമിച്ചത്. മെയ് 30ന് ആണ് ദിയാ ധനന മായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്തത്. ചെക്ക ഇഷ്യൂ ചെയ്ത് ഏതാനും ദിവസത്തിനകം അനുരജ്ഞന കരാര്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് റിയാദ് റഹിം സഹായ സമിതി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.