Sauditimesonline

jabir
ജാബിര്‍ ടിസിക്ക് യാത്രയയപ്പ്

ഡിഫ സൂപ്പര്‍കപ്പ് കലാശപ്പോരാട്ടം ജൂലൈ 26ന്

ദമ്മാം: ഫുട്‌ബോള്‍ പോരാട്ടങ്ങളുടെ ആവേശോജ്ജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഡിഫ സൂപ്പര്‍കപ്പ്-2024ന്റെ കലാശപ്പോരാട്ടം ജൂലൈ 26ന് അരങ്ങേറും. റാക്ക അല്‍ യമാമ യൂണിഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ ഒന്നര മാസത്തോളം നീണ്ടുനിന്ന മേളക്ക് സമാപനമാകും.

ഫൈനലില്‍ പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്‌സിയും ഡിമ ടിഷ്യു ഖാലിദിയ്യ എഫ്‌സിയും ഏറ്റ് മുട്ടും. സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ യൂണി ഗാര്‍ബ് ദല്ല എഫ്‌സിയുടെയും നബാറ്റാറ്റ് ജുബൈല്‍ എഫ്‌സിയുടെയും വെല്ല് വിളികളെ അതിജയിച്ചാണ് ഇരു ടീമുകളും ഫൈനല്‍ പോരാട്ടത്തില്‍ ഏറ്റ് മുട്ടാന്‍ യോഗ്യത നേടിയത്.

ആവേശകരമായ ആദ്യ സെമിയില്‍ മികച്ച താരങ്ങള അണി നിരത്തി കലാശപോരാട്ട സ്വപ്‌നവുമായെത്തിയ ദല്ല എഫ്‌സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബദറിന്റെ വിജയം. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും മധ്യനിരയില്‍ തകര്‍ത്ത് കളിച്ച ഫവാസ് കിഴിശ്ശേരിയിലൂടെ ആദ്യ ഗോള്‍ നേടിയത് ബദര്‍ ആയിരുന്നു. വാശിയോടെ കളിച്ച ദല്ല എഫ്‌സി ശുഹൈബിന്റെ ഗോളിലൂടെ തിരിച്ചടിച്ചെങ്കിലും ഡിഫന്‍സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്ന അനസ് പരിക്കേറ്റ് മടങ്ങിയത് ദല്ല എഫ്‌സിയുടെ താളം തെറ്റിച്ചു. തുടര്‍ന്ന് നിയാസും ഫവാസും ബസാമും ഓരോ ഗോള്‍ കൂടി നേടിയതോടെ മത്സരത്തിലേക്ക് തിരിച്ച് വരാനാവാത്ത വിധം ദല്ല എഫ്‌സി തകര്‍ന്നു. അവസാനം സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ മുബഷിര്‍ കൂടി ഗോള്‍ നേടിയതോടെ ദല്ലയുടെ പരാജയം പൂര്‍ണ്ണമായി. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും മറ്റ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ബദറിന്റെ ബസാം മത്സരത്തില്‍ പ്ലയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.

തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്ന രണ്ടാം സെമിയില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു നബാറ്റാറ്റ് ജുബൈല്‍ എഫ്.സിക്കെതിരെ ദിമ ടിഷ്യു ഖാലിദിയ്യ എഫ്‌സിയുടെ വിജയം. മത്സരം തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ മൈതാനത്തിന്റെ വലത് ഭാഗത്തിലൂടെ കുതിച്ച മുന്നേറ്റനിര താരം പ്രിന്‍സിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഖാലിദിയ്യ ഗോള്‍കീപ്പര്‍ മുമ്പീന് ഒരവസരവും നല്‍കാതെ പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചപ്പോള്‍ ജുബൈല്‍ എഫ്.സി ആദ്യ ലീഡെടുത്തു.

എന്നാല്‍ ക്യാപ്റ്റന്‍ സുബൈറിന്റെയും, റിന്‍ഷിഫിന്റെയും, തകര്‍പ്പന്‍ ഗോളുകളിലൂടെ ഖാലിദിയ്യ ലീഡ് തിരിച്ച് പിടിച്ചു. നബീലിന്റെ പാസ് സ്വീകരിച്ച് വിഷ്ണു മൂന്നാം ഗോളും നേടിയതോടെ ഖാലിദിയ്യ മത്സരം തങ്ങളുടെ വരുതിയിലാക്കിയെങ്കിലും, ഗോകുലിന്റെയു, വിവേകിന്റെയും, ഷബീറിന്റെയുമൊക്കെ പോരാട്ട മികവില്‍ ഏത് നിമിഷവും ജുബൈല്‍ എഫ്.സി കളിയിലേക്ക് തിരിച്ച് വരും എന്ന് തോന്നിപ്പിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. ഇതിനിടെ മത്സരത്തില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് ക്യാപ്റ്റന്‍ സുബൈര്‍ മടങ്ങിയതോടെ ഖാലിദിയ്യ എട്ട് പേരായി ചുരുങ്ങിയെങ്കിലും ജസീമിന്റെ നാലാം ഗോളിലൂടെ ഖാലിദിയ്യ മത്സരത്തില്‍ സര്‍വ്വാധിപത്യം ഉറപ്പിച്ചു. അവാസാന മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ പ്രിന്‍സ് ജുബൈല്‍ എഫ്.സി ക്കായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഫൈനലിലേക്കുള്ള ഖാലിദിയ്യയുടെ പ്രയാണത്തെ തടയാന്‍ ജുബൈല്‍ എഫ്.സിക്കായില്ല. മത്സരത്തില്‍ ഖാലിദിയ്യയുടെ മധ്യനിരയില്‍ തകര്‍ത്ത് കളിച്ച റിന്‍ഷിഫ് തന്നെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

സെമി പോരാട്ടങ്ങളില്‍ അല്‍ഖോബാര്‍ ജി.എം.സി ഷോറൂം മാനേജര്‍ അബ്ദുല്ല ഹമാദ, ഹൈഡിറോക്‌സ് മാനേജര്‍ ഈസ്സ അല്‍നാസ് എന്നിവര്‍ വിശിഷ്ഠാതിഥികളായിരുന്നു. മുബാറക് കാക്കു, മാജിദ് അല്‍നാസര്‍, കബീര്‍ കൊണ്ടോട്ടി, റോണി ജോന്‍സി, മഹ്മൂദ് പൂക്കാട്, ഷമീര്‍ അരീക്കോട്, മന്‍സൂര്‍മങ്കട, ജൗഹര്‍ കുനിയില്‍, ആസിഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, ഡിഫ പ്രസിഡണ്ട് ഷമീര്‍ കൊടിയത്തൂര്‍, മീഡിയ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍, ഡിഫ ഭാരവാഹികളായ ഷഫീര്‍ മണലോടി, ആഷിനെല്ലിക്കുന്ന്, ഫസല്‍ ജിഫ്രി, നാസര്‍ വെള്ളിയത്ത്, സുനീര്‍ എന്‍ പി, ശരീഫ് മാണൂര്‍, ഫവാസ്, റഷീദ് ചേന്ദമംഗല്ലൂര്‍, റാസിഖ് വള്ളിക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top