Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

മോദി കാലാവധി പൂര്‍ത്തിയാക്കില്ല; ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും: അഡ്വ. അനില്‍ ബോസ്

റിയാദ്: നേര്‍വഴിയിലും നെറികെട്ട വഴിയിലും ബിജെപി വിജയിക്കാനുളള സാഹചര്യം ഉളളതുകൊണ്ടാണ് ഇന്ത്യാ മുന്നണി മന്ത്രി സഭ രൂപീകരിക്കാതെ ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്ത് ഇരിക്കാന്‍ തീരുമാനിച്ചതെന്ന് കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. എന്നാല്‍ സാഹചര്യം ഒത്തുവരുമ്പോള്‍ ഇന്ത്യാ മുന്നണിയുടെ പ്രധാന മന്ത്രി രാജ്യം ഭരിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ മുന്നണിക്കും ബിജെപിയ്ക്കും ഒറ്റക്കു ഭരിക്കാനുളള ഭൂരിപക്ഷമില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയെ രാഷ്ട്രപതി ക്ഷണിക്കും. 10 വര്‍ഷം ഭരിച്ചവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ അവരുടെ ആളുകളെ കുത്തിനിറച്ച സാഹചര്യത്തില്‍ ഏറ്റുമുട്ടലിനു പോയാല്‍ മുഴുവന്‍ കുതന്ത്രങ്ങളും ബിജെപി പ്രയോഗിക്കും. ഇതുതിരിച്ചറിഞ്ഞാണ് മന്ത്രിസഭ രൂപീകരിയ്ക്കാന്‍ ശ്രമം നടത്താതെ മാറിനിന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്നണി സംവിധാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 32 എംപിമാരുടെ പിന്തുണ കൂടി ഉണ്ടെങ്കില്‍ കോണ്‍ഗ്രസിനോ ഇന്ത്യാ സഖ്യത്തിനോ പ്രധാനമന്ത്രിയെ സൃഷ്ടിക്കാനുളള അന്തരീക്ഷമാണ് നിലവിലുളളത്. ഇന്ത്യാ സഖ്യത്തിന് 237 എംപിമാരുടെ ഉറച്ച പിന്തുണയുണ്ട്. കൊഴിഞ്ഞുപോക്ക് അവസാനിച്ചു. തിരിച്ചുവരവിന്റെ കാലമാണിത്. കുതിരക്കച്ചവടം നടത്തി മന്ത്രി സഭ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണി ഒരുക്കമല്ലെന്നും അനില്‍ ബോസ് വ്യക്തമാക്കി. എത്രയും വേഗം മന്ത്രി സഭ രൂപീകരിക്കണമെന്നാണ് മമതാ ബാനര്‍ജ ഉള്‍പ്പെടെയുളളവരുടെ ആവശ്യം. ബിജെപിയില്‍ നിന്ന് 15 പേര്‍ രാജിവെയ്ക്കാന്‍ സന്നദ്ധരാണ്. അകത്തു നിന്നും പുറത്തുനിന്നും പിന്തുണ ഏറുകയാണ്. എന്നാല്‍ ഇന്ത്യാ മുന്നണിയ്ക്കു ഭരണ ഘടന സംരക്ഷിക്കാനും തെറ്റുകളെ തിരുത്താനും കഴിയുന്ന വിധം സ്വാധീനമുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടാന്‍ ഇനി കഴിയില്ല. പബഌക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാണ്. സിബിഐ, ഇഡി എന്നിവയെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥാനമാണ് പബഌക് അക്കൗണ്ട്‌സ് കമ്മറ്റിക്കുളളത്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയില്ല.

മഹാരാഷ്ട്ര ഉള്‍പ്പെടെ നിയമ സഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ സഖ്യത്തിന് വന്‍ വിജയം സമ്മാനിക്കും. അനുകൂല സാഹചര്യം വരുമ്പോള്‍ കേന്ദ്രത്തില്‍ മന്ത്രി സഭ രൂപീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജനങ്ങളെ കേള്‍ക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഡോ യാത്ര നടത്തിയത്. അവിടെ നിന്നാണ് ജനാധിപത്യത്തിന്റെ തിരിച്ചുവരവ് ആരംഭിച്ചതെന്നും അനില്‍ ബോസ് പറഞ്ഞു. റിയാദ് ഒഐസിസി ആക്റ്റിംഗ് പ്രസിഡന്റ് സജീര്‍ പൂന്തുറ, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top