
റിയാദ്: കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്‌ഐ പ്രചരിപ്പിക്കുന്ന ലിബറല്‍ ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കൈവെടിഞ്ഞുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ‘സ്‌റ്റെപ-24’ ക്യാമ്പയിന്റെ ഭാഗമായി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികളെ അധാര്‍മ്മിക പരിസരത്തേക്ക് കൊണ്ടുപോകുവാന്‍ ബോധപൂര്‍വ്വ ശ്രമമാണ് എസ് എഫ് ഐ നടത്തിയത്. മതനിരാസ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ കുത്തിവെക്കുവാനും കുടുംബ വ്യവസ്ഥയെ വെല്ലുവിളിക്കുവാനും പ്രേരിപ്പിക്കുന്ന സമീപനം എസ് എഫ് ഐ സ്വീകരിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥി സമൂഹം എസ് എഫ് ഐയുടെ തിന്മയുടെ രാഷ്ട്രീയത്തെ അവഗണിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വത്വബോധം പകരുവാന്‍ എം എസ് എഫ് നടത്തുന്ന പോരാട്ടങ്ങള്‍ ക്യാമ്പസുകളില്‍ ശക്തമാണ്. മക്കളുടെ നൈതിക ജീവിതത്തിന് രക്ഷിതാക്കളുടെ ജാഗ്രതയും നിരന്തര ശ്രദ്ധയും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവലോക ക്രമത്തില്‍ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും പഠനവിധേയമാക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സന്ദേശങ്ങള്‍ മനസ്സിലാക്കി പുതിയ കാലത്തെ അഭിസംബോധനം ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ത്ഥി സമൂഹം ഉയര്‍ന്നുവന്നാല്‍ കലാലയ മുറ്റങ്ങള്‍ സര്‍ഗാത്മക ഇടങ്ങളായി മാറുമെന്നും നവാസ് പറഞ്ഞു.

കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, ജലീല്‍ തിരൂര്‍, മൊയ്തീന്‍ കുട്ടി തെന്നല, മൊയ്തീന്‍ കുട്ടി കോട്ടക്കല്‍, എന്നിവര്‍ പ്രസംഗിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു.

പുതുതായി കെഎംസിസി മെമ്പര്‍ഷിപ്പ് സ്വീകരിച്ച് അംഗത്വമെടുത്ത ഡേവിഡ് ചാലക്കുടിയെ, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കബീര്‍ വൈലത്തൂര്‍ ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന്‍ ഫറൂഖ്, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മല്‍, അഷ്‌റഫ് കല്പകഞ്ചേരി, പി സി അലി വയനാട്, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, നജീബ് നല്ലാംങ്കണ്ടി, പി സി മജീദ്, എന്നിവര്‍ ലീഡേഴ്‌സ് മീറ്റിന് നേതൃത്വം നല്‍കി. വിവിധ ജില്ലാ, ഏരിയ, നിയോജകമണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ ഭാരവാഹികളാണ് സംഗമത്തില്‍ പങ്കെടുത്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.