Sauditimesonline

SaudiTimes

ഡിഫ സൂപ്പര്‍ കപ്പ്: ദല്ല, ബദര്‍, ഖാലിദിയ ജേതാക്കള്‍

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘ഡിഫ സൂപ്പര്‍ കപ്പ്’ ടൂര്‍ണമെന്റില്‍ പ്രീ ക്വാര്‍ട്ടറില്‍ ദല്ല, ബദര്‍, ഖാലിദിയ ടീമുകള്‍ക്ക് ജയം. റാക്കയിലെ അല്‍യമാമ യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ശക്തരായ സഡാഫ്‌കോ മാഡ്രിഡ് എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ദല്ല എഫ്.സിയുടെ ജയം.

ദല്ലക്കായി കളം നിറഞ്ഞ് കളിച്ച പത്താം നമ്പര്‍ താരം സുഹൈല്‍ കളിയിലെ താരമായി. മറ്റൊരു പ്രീകോര്‍ട്ടര്‍ പോരാട്ടത്തില്‍ അഡിഡ എഫ്.സി ക്കെതിരെ അഞ്ച് ഗോളുകള്‍ക്ക് മറികടന്നായിരുന്നു പസിഫിക് ബദര്‍ എഫ്.സി കോര്‍ട്ടറിലേക്ക് കടന്നത്. ബദറിനായി ഹസ്സന്‍ രണ്ട് ഗോളുകളും, നിയാസ്, മുബാഷിര്‍, റഫീഖ് ഇത്താപ്പു എന്നിവര്‍ ഓരോ ഗോളുകളും നേടി. ബദറിനായി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഹസ്സന്‍ തന്നെയാണ് കളിയിലെ താരമായി.

വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന തുല്യശക്തികള്‍ തമ്മിലുള്ള അവസാന മത്സരത്തില്‍ പൊരുതി കളിച്ച എ. ആര്‍. എഞ്ചിനീയറിങ്ങ് റോയല്‍ കമ്മീഷന്‍ എഫ്.സിയുടെ കനത്ത വെല്ലുവിളിയെ ടൈബ്രേക്കറില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അതിജയിച്ചാണ് ഖാലിദിയ്യയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ വീതം ഗോളുകള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്നായിരുന്നു ടൈബ്രേക്കര്‍. ഖാലിദിയ്യക്കായി ജസീമും, ആര്‍.സി. എഫ്.സിക്കായി ബിബിനും ഓരോ വീതം ഗോളുകള്‍ നേടി. ടൈബ്രേക്കറില്‍ രണ്ട് നിര്‍ണ്ണായക സേവുകള്‍ നടത്തിയ ഖാലിദിയ്യയുടെ മുബീന്‍ എടവണ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ കുവൈറ്റ് തീപിടുത്ത ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും, ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രഗല്‍ഭ കളിക്കാരനും, കോച്ചുമായിരുന്ന ടി.കെ ചാത്തുണ്ണിക്കും, സിഡ്‌നിയിലെ കടല്‍ദുരന്തത്തില്‍ മരണപ്പെട്ട ദമ്മാം ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി മര്‍വ്വ ഹാഷിമിനും അനുശോചനമറിയിച്ചാണ് മത്സരങ്ങള്‍ തുടങ്ങിയത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ കായിക ലോകത്തെ പ്രഗല്‍ഭര്‍ സംബന്ധിച്ച പരിപാടിയില്‍ ആയിരകണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ പങ്കാളികളായി. ഡ്രീം ഡസ്റ്റിനേഷന്‍ മാനേജിങ്ങ് പാര്‍ട്ണര്‍ ലിയാഖത്തലി കാരങ്ങാടന്‍, ഡിഫ മീഡിയ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍, ടൂര്‍ണ്ണമെന്റ് കമ്മിറ്റിയംഗം നവാസ് തൃപ്പനച്ചി എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, ജനറല്‍ കണ്‍വീനര്‍ റഫീഖ് കൂട്ടീലങ്ങാടി, രക്ഷാധികാരികളായ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സക്കീര്‍ വള്ളക്കടവ്, ഡിഫ ആക്ടിംഗ് പ്രസിഡണ്ട് ഷഫീര്‍ മണലൊടി, ആക്ടിംഗ് ജന: സെക്രട്ടറി ആസിഫ് കൊണ്ടോട്ടി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ആഷി നെല്ലിക്കുന്ന്, ഫസല്‍ ജിഫ്രി , ടൈറ്റസ് ഇംകോ, റാസിഖ് വള്ളിക്കുന്ന്, അന്‍ഷദ് തൃശൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വ്യാഴാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ സ്‌പോര്‍ട്ടിംഗ് ഖാലിദിയ യൂത്ത് ക്ലബുമായും യുനൈറ്റഡ് എഫ് സി കോര്‍ണിഷ് സോക്കറുമായും ജുബൈല്‍ എഫ് സി യംഗ്സ്റ്റാറുമായി മാറ്റുരക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top