
ദമാം: സൗദി മലയാളി സമാജം അഞ്ചാമത് പ്രവാസി മുദ്ര പുരസ്‌കാരം പ്രമുഖ സാഹിത്യകാരന്‍ ഡോ. പോള്‍ സക്കറിയക്ക്. സിനിമ, കഥ, കവിത, നോവല്‍, യാത്രാവിവരണം തുടങ്ങി പ്രവാസ ലോകവുമായി ബന്ധപ്പെട്ട കൃതികള്‍ക്കും സാഹിത്യ സേവനങ്ങള്‍ക്കും പുറമെ നബിയുടെ നാട്ടില്‍ എന്ന സഞ്ചാര സാഹിത്യവും പരിഗണിച്ചാണ് പുരസ്‌കാരം.

പ്രവാസ ലോകത്തെ എണ്ണപ്പെട്ട പുരസ്‌കാരങ്ങളില്‍ ഒന്നാണ് പ്രവാസി മുദ്ര പുരസ്‌കാരം. മുന്‍ വര്‍ഷങ്ങളില്‍ പി.കെ.പി രാമനുണ്ണി, സലീം അഹമ്മദ്, എം.മുകുന്ദന്‍ എന്നിവരാണ് രണ്ടു വര്‍ഷത്തില്‍ ഒരിയ്ക്കല്‍ വിതരണം ചെയ്യുന്ന പുരസ്‌കാരത്തിന് അര്‍ഹാരയത്. അര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഒക്‌ടോബര്‍ 30ന് ദമ്മാമില്‍ ആരംഭിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റ് ഉദ്ഘാടന വേദിയില്‍ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സമ്മാനിക്കും.

ഉത്തരാധുനിക മലയാള ചെറുകഥയുടെ ഏറ്റവും ശക്തനായ പ്രതിനിധികളിലൊരാളാണ് പോള്‍ സക്കറിയ. ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും, സലാം അമേരിക്ക, എന്തുണ്ട് വിശേഷം പിലാത്തോസെ, കണ്ണാടി കാണ്മോളവും, പ്രെയിസ് ദി ലോഡ്, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍, എഴുത്തച്ചന്‍ പുരസ്‌കാരം ഒ.വി വിജയന്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

മുതിര്‍ന്ന സാഹിത്യകാരന്‍ ജമാല്‍ കൊച്ചങ്ങാടി, മാധ്യമ പ്രവര്‍ത്തകന്‍ സി.പി സൈതലവി, നോവലിസ്റ്റും എഴുത്തുകാരനുമായ നദീം നൗഷാദ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബുല്‍, ദമാം ചാപ്റ്റര്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍, രക്ഷാധികാരികളായ ജേക്കബ് ഉതുപ്, മുരളീധരന്‍, ആസിഫ് താനൂര്‍ കോര്‍ഡിനേറ്റര്‍മാരായ ഉണ്ണികൃഷ്ണന്‍, ബിനു പുരുഷോത്തമന്‍, മുഷാല്‍ തഞ്ചേരി, നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍ എന്നിവര്‍ അറിയിച്ചു.





