
റിയാദ്: കേളി കുടുംബവേദി, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ശുമേസിയുടെ സഹകരണത്തോടെ സ്തനാര്‍ബുദ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായ ‘പിങ്ക് മാസം’ ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. സ്തനാര്‍ബുദം തുടക്കഘട്ടത്തില്‍ രോഗനിര്‍ണയം നടത്താനും, ഗവേഷണം പ്രോത്സാഹിപ്പിക്കാനും, പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം വളര്‍ത്താനും ലക്ഷ്യമിട്ടാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലെ ഡോ. ആയിഷ തരിഖ് ബോധവല്‍ക്കരണ ക്ലാസെടുത്തു. വൈകിയുള്ള പ്രസവം, മുലയൂട്ടല്‍ ഒഴിവാക്കല്‍, ഹോര്‍മോണ്‍ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം, പാരമ്പര്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ച് പ്രവാസികളില്‍ വ്യായാമമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദം എന്നിവയും അപകടസാധ്യത വര്‍ധിപ്പിക്കുന്നു ഡോക്ടര്‍ വിശദീകരിച്ചു.

നിരവധി വനിതകള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോ. മരിയ മെക്ലന്‍, ഡോ. സൈമ ഇഖ്ബാല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, വൈസ് പ്രസിഡണ്ട് സജീനാ വിഎസ്, ജോയിന്റ് സെക്രട്ടറിമാരായ
ഗീത ജയരാജ്, സിജിന്‍ കൂവള്ളൂര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, വിജില ബിജു, വിദ്യ ജി.പി, ഷഹീബ വികെ, സന്ധ്യ രാജ്, അല്‍ അബീര്‍ മാര്‍ക്ക്കിംഗ് സൂപ്രവൈസര്‍ ജോബി ജോസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.






