റിയാദ്: സൗദിയിലെ ജസാനില്‍ 224 കിലോഗ്രാം ഹഷിഷ് പിടികൂടി. രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്നു സ്വദേശി പൗരന്‍മാരെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു. കന്നുകാലി തീറ്റയും ബാര്‍ലിയും നിറച്ച ട്രക്കില്‍ ഒളിപ്പിച്ച നിലയിലാണ് 224 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തത്. ചെക് പൊയിന്റുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ഡ്രൈവര്‍ക്കു പുറമെ രണ്ട് സ്ത്രീകളാണ് ട്രക്കില്‍ സഞ്ചരിച്ചത്. ജസാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ അല്‍ ദെയര്‍ ഗവര്‍ണറേറ്റിലെ ചെക്ക് പോയിന്റിലാണ് ഹാഷിഷ് പിടികൂടിയത്.
പിടിയിലായവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ തൊവയാന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച സൗദിയില്‍ 570,520 ലഹരി ഗുളികകള്‍ കടത്താനുളള ശ്രമവും പിടികൂടിയിരുന്നു. തണ്ണിമത്തന്‍ നിറച്ച വാഹനത്തില്‍ രഹസ്യമായി സൂക്ഷിച്ച ഗുളികകളാണ് പിടികൂടിയത്. ജോര്‍ദാന്‍ അതിര്‍ത്തിയായ അല്‍ ഹദിഥ് കടന്നെത്തിയ വാഹനത്തില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടികൂടിയതെന്നും കേണല്‍ അഹമ്മദ് അല്‍ തൊവയാന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
