ഒരു ദിവസം 47 കോടി സമാഹരിച്ച് ഇഹ്‌സാന്‍

റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള സൗദി ദേശീയ വിഭവ സമാഹരണ കാമ്പയിന് മികച്ച പ്രതികരണം. ആദ്യ ദിനം 47 കോടി റിയാല്‍ സമാഹരിക്കാന്‍ കഴിഞ്ഞു. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴിയാണ് സംഭാവന ശേഖരിക്കുന്നത്.
ഭരണാധികാരി സല്‍മാന്‍ രാജാവ് 4 കോടി റിയാലും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 3 കോടി റിയാലും സംഭാവന നല്‍കിയാണ് വിഭവ സമാഹരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ സ്വദേശികളും വിദേശികളും വന്‍കിട കമ്പനികളും സംഭാവന നല്‍കുന്നുണ്ട്.

നിര്‍ധനര്‍ക്ക് 3700 ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് ജൂദ് അല്‍ ഇസ്‌കാന്‍ എന്ന പേരില്‍ 100 കോടി റിയാല്‍ സമാഹരിക്കാന്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ റമദാന്‍ ഒന്നിന് ആരംഭിച്ചിരുന്നു. എന്നാല്‍ 15 ദിവസത്തിനകം 100 കോടി റിയാല്‍ കണ്ടെത്താന്‍ കഴിഞ്ഞു. റമദാനില്‍ നടത്തുന്ന രണ്ടാമത്തെ വിഭവ സമാഹരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇഹ്‌സാന്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി വിഭവ സമാഹരണം നടത്തിയിരുന്നു. 330 കോടി റിയാലാണ് സമാഹരിച്ചത്. 48 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സഹായം ലഭ്യമാക്കി. ആഭ്യന്തരം, ധനകാര്യം, സാമൂഹിക വികസനകാര്യം തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് ഇഹ്‌സാന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

Leave a Reply