റിയാദ്: സൗദിയില്‍ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ വൈദ്യുതി, ജലം എന്നിവയുടെ ബില്ലുകള്‍ അടച്ചില്ലെങ്കില്‍ കെട്ടിട ഉടമക്ക് കോടതിയെ സമീപിക്കാമെന്ന് അധികൃതര്‍. ഇതുസംബന്ധിച്ച പരാതി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.
വാടക കരാര്‍ കാലയളവില്‍ ഉപയോഗിച്ച വൈദ്യുതി, ജലം എന്നിവയുടെ കുടിശ്ശിക വാടക കാരന്‍ അടക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഉടമക്ക് അര്‍ഹതയുണ്ട്. വിദേശികളായ ചിലര്‍ രാജ്യം വിടുന്നതോടെ ബാധ്യത ഉടമയുടെ ഉത്തരവാദിത്തമായി മാറുന്നു. വിദേശികള്‍ തന്നെ മറ്റൊരു വാടകക്കാരന് കെട്ടിടം കൈമാറുകയും പിന്നീട് കുടിശ്ശിക ശ്രദ്ധയില്‍പെടുകയും ചെയ്യുമ്പോള്‍ കെട്ടിട ഉടമയും പുതിയ വാടകക്കാരനും തര്‍ക്കത്തിലാകുന്ന സംഭവങ്ങളും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് കുടിശ്ശിക അടക്കാനുളള ഉത്തരവാദിത്തം കരാര്‍ കാലയളവില്‍ താമസിച്ച ആളില്‍ നിക്ഷിപ്തമായിരിക്കുമെന്ന് നഗര, ഗ്രാമ, ഭവനകാര്യ മന്ത്രാലയത്തിന് കീഴില്‍ കെട്ടിട വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചത്.
വാടക കരാര്‍ റദ്ദാക്കുമ്പോള്‍ ഇരുകക്ഷികളും കുടിശ്ശികയില്ലെന്ന് ഉറപ്പുവരുത്തണം. അശ്രദ്ധയാണ് പലപ്പോഴും വൈദ്യുതി, ജലം സംബന്ധിച്ച കുടിശ്ശിക തര്‍ക്കം ഉണ്ടാകാന്‍ കാരണം. തര്‍ക്കങ്ങള്‍ കോടതി വഴി പരിഹരിക്കണമെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.