Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ബഖാലയില്‍ നിന്നു സെക്രട്ടറിയിലേക്കുളള സഞ്ചാരം

അബ്ദുല്‍ ജബ്ബാര്‍, ദമ്മാം

35 വര്‍ഷം മുമ്പുളള ഓര്‍മകളാണ്. ക്യത്യമായി പറഞ്ഞാല്‍ 1984 ഡിസംബര്‍ 4. ജിദ്ദ കിംഗ് അബ്ദുല്‍അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് ഇറങ്ങുമ്പോള്‍ സ്വപ്നങ്ങളൊന്നും നെയ്തു വച്ചിരുന്നില്ല. ഡിഗ്രി പഠനം കഴിഞ്ഞു പാരലല്‍ കോളേജിലെ ടീച്ചിങ്. വട്ടചിലവിനുള്ളത് അങ്ങനെ തരപ്പെടുത്തി കഴിച്ചുകൂട്ടിയ കാലം. രാഷ്ട്രീയ, സാമൂഹിക, കലാ പ്രവര്‍ത്തങ്ങളില്‍ സജീവം. അതിനു കരുത്തു പകരുന്ന പ്രായവും ചുറ്റുപാടുകളും കൂടിയായതോടെ പൂര്‍ണമായും അതില്‍ ഇഴുകി ചേര്‍ന്നിരുന്നു. ജാതി, മത ചിന്തകള്‍ക്ക് പിടികൊടുക്കാത്ത നിലപാടുകളും സ്വാധീനിച്ചിരുന്നു. ഇതോടെ വീട്ടുകാര്‍ക്കുണ്ടായ ആധിയാണ് നേരത്തെയുളള വിവാഹവും സൗദി എന്ന സ്വപ്ന ഭൂമികയിലേക്കുള്ള യാത്രയും.

സൗദിയിലെത്തിയാല്‍ പുണ്യ ഭൂമി സന്ദര്‍ശിക്കണം. മസ്ജിദുല്‍ ഹറമില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കണം. ഇതെല്ലാം മോഹം മാത്രമല്ല പലരുടേയും ആഗ്രഹ പൂര്‍ത്തീകരണം കൂടിയാണ്. അങ്ങനെയായിരുന്നു ആദ്യ ഉംറക്കുള്ള യാത്രക്ക് വഴിയൊരുങ്ങിയത്. സൗദിയിലെത്തിയതിന്റെ അടുത്ത ദിവസം തന്നെ പുറപ്പെട്ടു. ജിദ്ദയിലെ ബാബ് മക്കയിലെ മലയാളിക്കടയില്‍ നിന്ന് അളന്നു വാങ്ങിയ ഉംറ തുണി. അത് അടുത്ത കാലത്താണ് എവിടെയോ നഷ്ടപ്പെട്ടത്. അളന്നു വാങ്ങുന്ന ഉംറ തുണിയായിരുന്നു അന്ന് വിപണിയില്‍ പ്രിയം. പ്രത്യേകിച്ച് മലയാളികള്‍ അതേ ഉപയോഗിക്കൂ. ഇന്നു കാണുന്ന ഇഹ്‌റാം സെറ്റുകള്‍ അന്ന് സുലഭമായിരുന്നില്ല.

ബാബ് മക്കയില്‍ നിന്ന് പത്തു റിയല്‍ കൊടുത്ത് ഹറമിലേക്കുളള യാത്ര. തൊട്ടടുത്ത് ബസ്സിറങ്ങാം. മുന്‍ധാരണയും മുന്നൊരുക്കങ്ങളും ഇല്ല. ഉംറക്ക് ദുആ ചൊല്ലിത്തന്നതും സുന്നത്തു നമസ്‌കാരങ്ങള്‍ എവിടെയൊക്കെ വേണമെന്നു പറഞ്ഞു തന്നതും ഹജറുല്‍ അസുവദ് ചുംബിപ്പിച്ചതും എന്റെ കൂടെ വന്ന അളിയന്മാര്‍. തവാഫും സ്വഹിയും കഴിഞ്ഞു തലമുണ്ഡനം ചെയ്തു പുറത്തിറങ്ങി. അപ്പോള്‍ അളിയന്‍ ഹകീം ചോദിച്ചു. എന്ത് തോന്നി? ഒന്നും തോന്നിയില്ല! എന്റെ മറുപടി.

എന്തോ അവര്‍ക്കു വല്ലായ്ക തോന്നി. സത്യത്തില്‍ മക്കയിലേക്കുളളയാത്ര എന്റെ ആദ്യത്തെ ഉംറയായിരുന്നു. എങ്കിലും വിശ്വാസവുമായി ബന്ധം മുറിഞ്ഞു പോയതുകൊണ്ടാവണം, എന്നില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ഖുര്‍ആന്‍ പല തവണ സൂചിപ്പിച്ചതു പോലെ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസം പാറയില്‍ പെയ്തുതോര്‍ന്ന് പോകുന്ന മഴ തുള്ളികള്‍ പോലെയായിരുക്കും.

ജീവിതത്തിന്റെ മഹായാത്രയില്‍ നമ്മുടെ ശരികളും നിലപാടുകളും അഭിപ്രായങ്ങളും പ്രായത്തിനും കാലദേശാന്തരങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കും. മാറ്റമില്ലാത്ത, അല്ലെങ്കില്‍ മാറിക്കൂടാത്തതു സത്യവും നീതിയും കാരുണ്യവും ആയിരിക്കണം.

ഉംറ കഴിഞ്ഞെത്തി. അടുത്ത ദിവസം സാപ്ത്‌കോ ബസ്സില്‍ സ്‌പോണ്‍സറുടെ നാടായ യാമ്പുവിലെക്ക്. 50 റിയാല്‍ ബസ് ചാര്‍ജ്. എല്ലാ ദിവസവും രാവിലെ ഒന്‍പതിന് പുറപ്പെടുന്ന ബസ്സ് ഒരുമണിയാകുമ്പോഴേക്കും യാമ്പുവില്‍ എത്തിച്ചേരും. ബസ്സില്‍ രണ്ടു ഡ്രൈവര്‍മാര്‍. ഒരാള്‍ സൗദിയും മറ്റൊരാള്‍ സുഡാനിയും. അന്ന് ബസ്സുകളിലും ട്രക്കുകളിലും ധാരാളം സ്വദേശി ഡ്രൈവര്‍മാര്‍ ജോലി ചെയ്തിരുന്നു.

എന്റെ കൂടെയുളളത് സലാംക്കയും കരീംക്കയും. വഴിയില്‍ ഒരു റസ്റ്ററന്റില്‍ ഭക്ഷണത്തിനു ഇറങ്ങി. സലാംക്ക എന്തോ അറബിയില്‍ ഓര്‍ഡര്‍ ചെയ്തു. സാധനം മുന്‍പില്‍ എത്തിയപ്പോള്‍ അലുമിനിയം പ്ലേറ്റില്‍ മഞ്ഞ കളര്‍ പുരട്ടിയ ചോറ്. മുകളില്‍ ചുരുണ്ടുകൂടി മസ്സില്‍ പെരുപ്പിച്ചു കിടക്കുന്ന കൊഴി. കൂടെ കുറെ ഇലകള്‍. തക്കാളിയും മുളകും ചേര്‍ത്തരച്ച കറിയും. ജീവിതത്തില്‍ ആദ്യമായി മുഴുവന്‍ കോഴിയെ ഇങ്ങനെ തിന്നാന്‍ പാകത്തില്‍ കണ്ടു സംശയിച്ചു നില്‍ക്കുമ്പോള്‍ സലാംക്ക അതിന്റെ ഒരു കാല്‍ വലിച്ചൂരി കടിച്ചുകൊണ്ട് തുടങ്ങിക്കോളാന്‍ ആംഗ്യം കാണിച്ചു. അടുത്ത കാല്‍ വലിച്ചത് കരീംക്ക യായിരുന്നു. ഒന്ന് തിരിച്ചിട്ടപ്പോള്‍ എന്തോ അടിവശം നിറഞ്ഞു നിന്ന എണ്ണ ഒഴുകി. ഒരു വല്ലായ്ക തോന്നിയെങ്കിലും പൊതുവെ തമാശക്കാരനായ സലാംക്കയുടെ ഉപദേശം. ഇവിടെ ഒന്നും തിരിച്ചിട്ടു നോക്കരുത്!

ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് കാളുന്ന വയറിന്റെ ശമനം മാത്രമല്ല ഒരു വികാരം തന്നെയാണ് കബ്‌സ. അന്ന് 16 റിയാല്‍ ആയിരുന്നു മുഴുവന്‍ കോഴിയും ചോറിനും വില. അടുത്ത കാലം വരെ 7 റിയല്‍ കൊടുത്താല്‍ കാല്‍ ഭാഗം കോഴിയും രണ്ടാള്ക്കു ചോറും ലഭിക്കുമായിരുന്നു. മൂന്നോ നാലലോ വര്‍ഷങ്ങളായി അത് ഒമ്പതോ പത്തോ ആയിട്ടുണ്ട്. എങ്കിലും ഇവിടുത്തെ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് ഭക്ഷ്യ വില നിയന്ത്രിക്കാന്‍ നടത്തുന്നത്. ഏവര്‍ക്കും പ്രാപ്യമായ വിധത്തില്‍ ഭക്ഷണം ലഭ്യമാകുന്നത് അതുകൊണ്ടാണ്. ഒരു റിയാലിന് ആറു ഖുബ്‌സ് ലഭിക്കും. 35 വര്‍ഷത്തെ അനുഭവത്തില്‍ ഖുസുകളുടെ എണ്ണത്തില്‍ ഒന്നോ രണ്ടോ കുറവ് വന്നത് അടുത്ത കാലത്താണ്. ഒരു റിയാല്‍ ഖുബ്‌സും ഒരു റിയാല്‍ തൈരും ഉണ്ടെങ്കില്‍ ഒരു നേരത്തെ ഭക്ഷണം സുഭിഷമാണെന്ന് തൊഴിലാളികള്‍ ഇന്നും പറയാറുണ്ട്.

എന്റെ സ്‌പോണ്‍സറുടെ പ്രധാന ജോലി വിസ കച്ചവടമായിരുന്നു. ഒരു ഷോപ് വാടകക്ക് എടുത്തു ചെറിയ കച്ചവടം തുടങ്ങും. കുറച്ചു വിസക്ക് അപേക്ഷിക്കും. വിസ അനുവദിച്ചു കഴിഞ്ഞാല്‍ കച്ചവടം ഉണ്ടാവില്ല; വിസ കച്ചവടം പൊടിപൊടിക്കും!

അക്കാലത്ത് ഇഖാമ ആറോ എട്ടോ പേജുകളുള്ള ബുക്ക് ആയിരുന്നു. രണ്ടു നിറങ്ങളില്‍. മക്ക, മദീന എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു പ്രവേശനം നിയന്ത്രിക്കാനായിരുന്നു നിറ വ്യത്യാസം എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഇഖാമ കിട്ടിയതിന്റെ ആദ്യ ആഴ്ച തന്നെ എനിക്ക് ജോലിയുമായി സ്‌പോണ്‍സര്‍ വന്നു വിളിച്ചു. 35 വര്‍ഷങ്ങള്‍ക്കു മുമ്പും ഇന്നത്തെ പോലെ സൗദി അറബിയയില്‍ തൊഴില്‍ ലഭ്യതക്കുറവ് ഉണ്ടായിരുന്നു. സൗദിയുടെ സാമ്പത്തിക കുതിപ്പിന്റെ തുടക്കത്തില്‍ ആയതുകൊണ്ട് തന്നെ സാധ്യതകള്‍ വിരളമായിരുന്നു. ഒരു മഹാ ഭാഗ്യവാന്‍ എന്ന വിശേഷണങ്ങളോടെ എന്നെ സ്‌പോണ്‍സറുടെ കൂടെ പറഞ്ഞയച്ചു. ഞാന്‍ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്ന പരീക്ഷണശാലയിലേക്കാണ് നടന്നു ചെല്ലുന്നതെന്നു എനിക്ക് ആശംസകള്‍ നേര്‍ന്നവര്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല.

സ്‌പോണ്‍സര്‍ എന്നെ കൊണ്ടുപോയത് വീടിനടുത്തുള്ള ചെറിയ പലചരക്കു കട (ബക്കാല )യിലേക്കായിരുന്നു. താമസിക്കാനും അവിടെ ഏര്‍പ്പാടാക്കാം എന്ന തീരുമാനത്തിലായിരുന്നു കൊണ്ടുപോയത്. അവിടെ മൂന്നാലു അലമാരകളിലായി നിരത്തിവച്ചിരുന്ന ചില്ലറ സാധങ്ങള്‍. കുറച്ചു പഴവര്‍ഗങ്ങള്‍…പിന്നെ ഈച്ചയെ കൊല്ലാന്‍ ഉപയോഗിക്കുന്ന റൈഡ്, അവിടെ ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച്തീര്‍ത്ത സാധനവും അതായിരുന്നു.

ആദ്യത്തെ ദിവസം തന്നെ എനിക്ക് മതിയായി. സ്‌പോസര്‍ വൈകുന്നേരം വന്നപ്പോള്‍ ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തി വീട്ടില്‍ പോകണം എന്നാവശ്യപ്പെട്ടു. അയാള്‍ ഒരുപാടു ദേഷ്യപ്പെട്ടു. പറഞ്ഞകൂട്ടത്തില്‍ ഒരു വാക്ക് മാത്രം മനസ്സില്‍ പതിഞ്ഞു. മജ്‌നൂന്‍. റൂമില്‍ ചെന്നപ്പോഴാണ് അര്‍ഥം പിടികിട്ടിയത്.

ജിദ്ദയില്‍ നിന്ന് യാത്രയാകുമ്പോള്‍ ബസ്സിന്റെ ടിക്കറ്റിന് പുറമെ 100 റിയാലും തന്നിരുന്നു. റൂമില്‍ ചെന്നപ്പോള്‍ ജോലി കളഞ്ഞു വന്നതിനുള്ള കുറ്റപ്പെടുത്തല്‍. വേറെ പരിചയക്കാര്‍ ആരുമില്ല. സഹായിക്കാനും ആളില്ല. കൊണ്ടുവന്ന അളിയന്മാരെ അറിയിക്കാന്‍ നിര്‍വാഹമില്ല. വിസ ഏര്‍പ്പാടാക്കിയ ബന്ധുവിന്റെ നിര്‍ബന്ധവും എന്റെ നിസ്സഹായാവസ്ഥയും. ജോലിയില്‍ തുടരുകയല്ലാതെ നിര്‍വാഹമില്ല. അറവുശാലയിലേക്കു തെളിച്ചു പോകുന്ന ആട്ടിന്‍ കുട്ടിയെപ്പോലെ വീണ്ടും ജോലിസ്ഥലത്തേക്ക്.

രണ്ടു മാസം തികച്ചതായി ഓര്‍മ്മയില്ല. ഏതായാലും ബക്കാല പൂട്ടി. അതിനു ശേഷം ടോയ് ഷോപ്, പെറ്റ് ഷോപ്, റെഡിമെയ്ഡ് ഷോപ് തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ നാലോ അഞ്ചോ സ്ഥാപനങ്ങള്‍. തുറക്കുകയും വിസയെടുത്തതിന് ശേഷം പൂട്ടുകയും ചെയ്തു. ശമ്പളം കടയില്‍ നിന്ന് തന്നെ എടുത്തോളാന്‍ അനുവാദം ഉണ്ടെങ്കിലും കാര്യമായി എടുക്കാന്‍ ഒന്നും ഉണ്ടാകാറില്ല. സ്‌പോണ്‍സറുടെ ചുവടു മാറ്റങ്ങളുടെ ഇടവേളകളില്‍ ലഭിക്കാവുന്ന ജോലികള്‍ ആയിരുന്നു എന്റെ ദൈനംദിന ചിലവുകളുടെ സ്രോതസ്. മറ്റൊന്നും ഉണ്ടായില്ലെങ്കിലും അറബികളുടെ ഇടയിലെ കടകളിലെ ജോലി അറബി ഭാഷ വശത്താക്കാന്‍ സഹായിച്ചു. പില്‍ക്കാലത്തു അവസരണങ്ങള്‍ തുറക്കപ്പെടാനും സഹായിച്ചിട്ടുണ്ട് .

രണ്ടു വര്‍ഷം ആയപ്പോള്‍ ഉംറ ചെയ്യണം എന്നു മനസ്സില്‍ തട്ടിയ തോന്നല്‍. അന്ന് ഒരു പ്രവിശ്യയില്‍ നിന്ന് മറ്റൊരു പ്രവിശ്യയിലേക്കു പോകണമെങ്കില്‍ സ്‌പോണ്‍സറുടെ അനുമതി പത്രം ചേംബര്‍ അറ്റെസ്‌റ് ചെയ്തു കയ്യില്‍ സൂക്ഷിക്കണം. ജിദ്ദയില്‍ ചെന്നപ്പോള്‍ മറ്റൊരു കമ്പനിയില്‍ ആളെ ആവശ്യമുണ്ടെന്നു അറിഞ്ഞു. സ്വന്തം പേരുപോലും തെറ്റ് കൂടാതെ പറഞ്ഞൊപ്പിക്കാന്‍ പറ്റാതെ ബുദ്ധിമുട്ടേണ്ടി വന്ന ഒരു ബിരുദ ധാരിയുടെ മാനസികാവസ്ഥ പുതിയ തലമുറയ്ക്ക് ദഹിക്കില്ല. ഏതായാലും എന്റെ അവസ്ഥ മനസ്സിലാക്കിയ സഹതാപം കൊണ്ടാണോ അതോ വളരെ കുറഞ്ഞ ശമ്പളത്തിന് ഓഫീസ് സെക്രട്ടറിയെ ലഭിച്ചതു കൊണ്ടാണോ എന്നറിയില്ല, എനിക്ക് ജോലി കിട്ടി. എന്നാല്‍ സ്‌പോണ്‍സര്‍ വിടാന്‍ തയ്യാറായില്ല. കൂടുതല്‍ ശമ്പളം കൃത്യമായി നല്‍കാമെന്നും കൂടെ നില്‍ക്കണമെന്നും സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു.

ഏതായാലും ഇനി വെക്കേഷന്‍ ഇല്ലാതെ തുടരാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിന് വഴങ്ങാതിരിക്കാന്‍ സ്‌പോണ്‍സറിനു കഴിഞ്ഞില്ല. ബന്ധുക്കളും അതിനു നിര്‍ബന്ധിതരായി. ആറു മാസത്തെ എക്‌സിറ്റ് റീ എന്‍ട്രി വിസ തരപ്പെടുത്തി. യാത്രക്കും പെട്ടികള്‍ നിറക്കാന്‍ സാധനങ്ങള്‍ വാങ്ങിക്കാനും പണം കടമായി തന്ന ഒരുപാടു പേരെ മറക്കാന്‍ കഴിയില്ല. രണ്ടു കൊല്ലം കൊണ്ട് വാങ്ങി കൂട്ടിയതും യാത്രക്ക് മുന്‍പ് വാങ്ങിയതും ഒക്കെ ചേര്‍ത്ത് 120 കിലോ! എന്താ പോരെ?

കോഴിക്കോടും കൊച്ചിയിലും കണ്ണൂരും എയര്‍പോര്‍ട്ടുകള്‍ വരുന്നതിനു മുമ്പ് മലബാറുകാര്‍ മുംബയില്‍ ഇറങ്ങി മെഹ്ബൂബ് ബസ്സിലാണ് നാട്ടിലേക്കുളള യാത്ര.

നാലു മാസം നാട്ടില്‍ കഴിച്ചുകൂട്ടി. ബാറ്ററി ഫുള്‍ ചാര്‍ജ് തീര്‍ന്നപ്പോള്‍ ഭാര്യയുടെ സ്വര്‍ണമാല പണയപ്പെടുത്തി. ടിക്കറ്റ് എടുത്തു തിരുച്ചു പോരുമ്പോള്‍ ഞാന്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു. ഒന്നുകില്‍ സൗദിയില്‍ എന്തെങ്കിലും സ്ഥിരം ജോലി തരപ്പെടുത്തി രക്ഷപ്പെടുക. അല്ലെങ്കില്‍ എക്‌സിറ്റില്‍ മടങ്ങുക.

പാസ്‌പോര്‍ട്ട് കൊടുത്തു ഇഖാമ വാങ്ങാന്‍ ചെന്നപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. എങ്ങനെയെങ്കിലും റിലീസ് വാങ്ങി മറ്റൊരു ജോലി കണ്ടെത്തുക. അങ്ങനെ ഒരു മാസത്തെ സമ്മത പാത്രവുമായി വീണ്ടും ജിദ്ദയിലേക്ക്. ഹൃദയം തുറന്നു പ്രാര്‍ത്ഥിച്ചു. മുമ്പ് ഓഫീസ് സെക്രട്ടറി പോസ്റ്റില്‍ ഇന്റര്‍വ്യൂ ചെയ്ത സ്‌പോണ്‍സറെ കണ്ടു. കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചു. ഒരു മാസത്തെ പ്രൊബേഷന്‍. തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റും. രണ്ടു ജോഡി ഉടുപ്പുകള്‍ വാങ്ങി 34 വര്‍ഷം മുമ്പ് ആരംഭിച്ച യാത്ര ഇന്നും അതേ കമ്പനിയില്‍ തുടരുകയാണ്.

ബെന്യാമിന്റെ നജീബും കമലിന്റെ ഗദ്ദാമയും മുതല്‍ പ്രവാസ രചനകളില്‍ ചര്‍ച്ച ചെയ്യപ്പടുന്ന ഒരുപാടു കഥാപാത്രങ്ങളുടെ നേരനുഭവങ്ങള്‍ കാണുകയും അറിയുകയുണ് ചെറുതായി അനുഭവിച്ചത്. ബെന്യാമിന്‍ സൂചിപ്പിച്ചതു പോലെ പ്രവാസ അനുഭവങ്ങള്‍ എനിക്ക് കെട്ടു കഥകള്‍ അല്ല. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള ജനസാമാന്യത്തിന്റെ ജീവല്‍ തുടിപ്പുകളില്‍ ഗള്‍ഫ് മേഖലയെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇഴപിരിക്കാന്‍ ശ്രമിക്കുമ്പോള്‍, ഈ യാത്രാദൂരത്തില്‍ കാലിടറിയവര്‍, തട്ടി വീണവര്‍, ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു തണലേകിയവര്‍, വാര്‍ത്തകളില്‍ ഇടം ചേര്‍ന്നവര്‍, വാര്‍ത്തകള്‍ക്കു പിന്നില്‍ മറഞ്ഞു നിന്ന് തന്റെ കര്‍മ മണ്ഡലം ശുദ്ധീകരിച്ചവര്‍ തുടങ്ങി അറ്റുപോകാത്ത ഇഴയടുക്കില്‍ ഒട്ടിപ്പിടിച്ചു നിന്നിട്ടുണ്ടാകും.

ഒരുപക്ഷെ പുറമ്പോക്കുകളില്‍ മാറ്റി നിര്‍ത്തപെട്ടുപോയേക്കാവുന്നവര്‍. ഞാനടക്കമുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും ജീവിതത്തെ കാണാനും സാധിച്ചത് പ്രവാസമാണ്. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ മുഴുവയറിന്റെ ആശ്വാസവും ഇന്ന് കാണുന്ന വര്‍ണ്ണപ്പൊലിമയും സൃഷ്ടിച്ചെടുത്തതും ജീവസന്ധാരണം തേടിയുളള മലയാളിയുടെ കുടിയേറ്റമാണ്. അതുകൊണ്ടുതന്നെ രക്തം ഊറ്റിയൊഴിച്ചു പരുവപ്പെടുത്തിയെടുത്ത എണ്ണമറ്റ സാധരണ മനുഷ്യര്‍ക്കും അല്പം അഹങ്കാരത്തോടെ തന്നെ അഭിമാനിക്കാം.

ഗ്ലോബല്‍ മീഡിയ ജേര്‍ണലിസം ക്ലാസ്സില്‍ നാസീര്‍ഭായി ഇടയ്ക്കിടെ ഓര്മിപ്പിക്കാറുണ്ടായിരുന്നത് കൊണ്ടാണ് എനിക്കും ബോധ്യമായത്. വര്‍ഷം ഒരുപാട് കഴിഞ്ഞിരിക്കുന്നു. ഒരു സ്‌റ്റോക്കെടുപ്പു നടത്തിയാല്‍ ലാഭത്തിന്റെ കോളം അല്പം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. യാതയില്‍ നിറക്കാന്‍ മറന്നു പോകുന്ന ചില നന്മയുടെ വിടവുകള്‍ ചികഞ്ഞെടുക്കുമ്പോള്‍ നിരാശ തോന്നുന്നുവെങ്കില്‍ കുറ്റബോധം തോന്നാം. കഴിയാവുന്ന വിധത്തില്‍ ആ വിടവുകളില്‍ സാന്ത്വനത്തിന്റെ ചെറിയ ഉറവകള്‍ ചേര്‍ത്തു വെക്കുന്നതില്‍ സന്തോഷം. സുഹൃത്തുക്കള്‍, പ്രത്യേകിച്ച് കൊല്ലങ്ങള്‍ കഴിഞ്ഞവര്‍ അനുഭവിക്കുന്നതും പങ്കുവെക്കുന്നതും പരാതി അറ്റുപോയ സുഹൃദ്ബന്ധങ്ങളും ഇഴ പിരിയാന്‍ തുടങ്ങുന്ന ബന്ധങ്ങളെ കുറിച്ചുമാണ്. എനിക്കെന്തോ അങ്ങനെ തോന്നിയിട്ടില്ല. ഒരുപക്ഷെ പിഴുതു മാറ്റാന്‍ കഴിയാതെ എന്റെ തായ്‌വേര് അവിടെത്തന്നെ നിലകൊണ്ടതാകാം. ശാഖകള്‍ മാത്രം വലുതായി ഇങ്ങോട്ടു നീണ്ടു വന്നതാകാം.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും മഴയുടെ മര്‍മ്മരവും മഴ തോരുമ്പോള്‍ അവശേഷിക്കുന്ന തുള്ളികള്‍ ഇട്ടു വീഴുമ്പോഴുള്ള താളാത്മകതയും കാറ്റിന്റെ സുഗന്ധവും ഒപ്പം കൊതുകിന്റെ ഇരമ്പലും തൂങ്ങിപ്പിടിച്ച ബസ് യാത്രയും തിരക്കും പൊടിയും പൊട്ടിപൊളിഞ്ഞ റോഡുകളും പ്രകടനങ്ങളും സമരങ്ങളും ഒക്കെ എന്റെ ഓര്‍മ്മളെ പൊലിപ്പിച്ചു നിര്‍ത്തുന്നു. നമുക്കങ്ങോട്ടു പോയാലോ?

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top