മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: വാഹനാപകടത്തില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിച്ചു. ബുറൈദയില്‍ നിന്നു മദീന സന്ദര്‍ശനത്തിനു പോയ ഉത്തര്‍ പ്രദേശ് മുറാദാബാദ് ഖയ്യ സ്വദേശികളായ നൂര്‍ മുഹമ്മദ്, ജുബൈര്‍ അലി, ഷോക്കിന്‍ അലി എന്നിവരുടെ മൃതദേഹം മദീനയിലാണ് സംസ്‌കരിച്ചത്. സഹയാത്രികരായ മൂന്നു പേര്‍ ചികിത്സയിലാണ്. ഓഗസ്ത് ആറിന് രാത്രിയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം.
ആറംഗ സംഘം സഞ്ചരിച്ച വാഹനം ബുറൈദ മദീന റോഡിലെ അവസാന ചെക് പോസ്റ്റില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെ അപകടത്തില്‍ പെടുകയായിരുന്നു. നൂര്‍ മുഹമ്മദും ജുബൈര്‍ അലിയും സംഭവസ്ഥലത്തു മരിച്ചു. ചികിത്സയിലായിരുന്ന ഷോക്കിന്‍ അലി ബുധനാഴ്ചയാണ് മരിച്ചത്. ഇവര്‍ ബുറൈദയില്‍ ജോലി ചെയ്തിരുന്നവരാണ്. നൂര്‍ മുഹമ്മദും ജുബൈര്‍ അലിയും എട്ട് മാസം മുമ്പാണ് സൗദിയിലെത്തിയത്. ഷോക്കിന്‍ അലി എട്ടുവര്‍ഷമായി ബുറൈദയിലുണ്ട്. മദീന മീഖാത്ത് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറയുടെ നേതൃത്വത്തിലാണ് നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സംസ്‌കരിച്ചത്. മദീനയിലെ നസീം അലിയും സഹായത്തിന് രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
