Sauditimesonline

HOUTHI ATTACK
ജിസാനില്‍ ഹൂതി ഷെല്ലാക്രമണം; മസ്ജിദിനും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം, രണ്ടുപേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം വിമാനയാത്രാ ദുരിതം; നേരിട്ടു സര്‍വീസ് വേണമെന്ന് ജിഎംഎഫ്

റിയാദ്: റിയാദ്-തിരുവനന്തപുരം റൂട്ടിലെ വിമാനയാത്ര പ്രവാസികള്‍ക്ക് ദുരിതപൂര്‍ണ്ണമാകുന്നു. സര്‍വീസുകളുടെ കുറവും അമിത ടിക്കറ്റ് നിരക്കുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഇന്ധനവില വര്‍ധനയും റൂട്ടിലെ സര്‍വീസുകളെ താറുമാറാക്കിയതായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ജിസിസി കമ്മിറ്റി ചൂണ്ടിക്കാട്ടി.

റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാത്തത് ആയിരക്കണക്കിന് പ്രവാസികളെയാണ് ബാധിക്കുന്നത്. നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഒമാന്‍ എയര്‍ തുടങ്ങിയ വിമാനങ്ങളുടെ കണക്ഷന്‍ ഫ്‌ലൈറ്റുകളെ മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്നത്. സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ പ്രതിവാര ഫ്‌ളൈറ്റുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി.

ടിക്കറ്റ് നിരക്കിലെ വന്‍ വര്‍ധനവാണ് മറ്റൊരു വെല്ലുവിളി. സാധാരണ 830 റിയാല്‍ മുതല്‍ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ കുറഞ്ഞത് 1050 റിയാല്‍ നല്‍കണം. സ്‌കൂള്‍ അവധിക്കാലം ആരംഭിക്കുന്നതോടെ ഇത് 2200 റിയാല്‍ വരെയാകാന്‍ സാധ്യതയുണ്ട്. യാത്രാസമയം ഏഴ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയായി വര്‍ധിച്ചതും ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് വിസ നടപടികളും പ്രവാസികളുടെ ദുരിതം ഇരട്ടിയാക്കുന്നു.

ഈ സാഹചര്യത്തില്‍ റിയാദ്-തിരുവനന്തപുരം റൂട്ടില്‍ അടിയന്തരമായി നേരിട്ടുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന് ജിഎംഎഫ് ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്കിന് ഉയര്‍ന്ന പരിധി നിശ്ചയിക്കുക, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിസ ഫീസ് ഒഴിവാക്കി ലോഞ്ച് സൗകര്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. വിമാന സമയത്തില്‍ മാറ്റമുണ്ടോ എന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പെങ്കിലും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ജിഎംഎഫ് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top