(പ്രസിഡന്റ്, റിയാദ് ഒഐസിസി. തൃശൂര്‍. ജില്ലാ കമ്മറ്റി)
ഇന്ത്യ വീണ്ടും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അതിനിടയിലാണ് കൊവിഡ് സൃഷ്ടിച്ച ക്വാറാന്റയിനും അതുവഴി അനുഭവിക്കേണ്ടിവന്ന പാരതന്ത്ര്യവും ഓര്‍മവരുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതം വിതച്ച മഹാമാരിയായി കൊവിഡ് മാറി. വൈറസ് ലോകം മുഴുവന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അപ്പോള്‍ എവിടെയാണ് സ്വാതന്ത്ര്യം? എന്തിനാണ് സ്വാതന്ത്ര്യം? ഈ ചിന്തകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.
ബൗദ്ധിക യാഥാര്‍ഥ്യങ്ങള്‍ ആണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇന്ന് അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ബാഹ്യ നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത അദൃശ്യ ശക്തിയായ കൊറോണ എന്ന സൂഷ്മാണുവിനെ പറ്റിമാത്രമാണ് ഇന്ന് എവിടെയും ചര്‍ച്ച.
നാല് നൂറ്റാണ്ടു നീണ്ട ബ്രിട്ടീഷ് വൈദേശിക ആധിപത്യത്തില്‍ നിന്നു നാം മോചനം നേടി. അതു പോലെ നാം കൊറോണക്കെതിരെ പൊരുതുകയാണ്. സമൂഹത്തിന്റെ ആകെയുള്ള നിലനില്‍പിന് മുകളില്‍ അല്ല മനുഷ്യന്റെ സ്വാതന്ത്ര്യം എന്ന് സ്വയം തിരിച്ചറിയുന്നു. അതുകൊണ്ട് നാം സാമൂഹിക അകലം പാലിക്കുന്നു. മറ്റുള്ളവര്‍ക്ക് കൂടി വേണ്ടി മാസ്‌ക്കും പ്രതിരോധങ്ങളും ഉപയോഗിക്കുന്നു.
ഓണം, പെരുന്നാള്‍, ക്രിസ്തുമസ്സ്… ഒന്നിനും ആഘോഷങ്ങളില്ല. പ്രാര്‍ത്ഥനാ നിര്‍ഭരമായിരുന്ന അമ്പലങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍… എല്ലാം നിശബ്ദമായി. നാല്‍കവലകളിലും കല്യാണമണ്ഡപങ്ങളിലും കടുത്ത ശൂന്യത. എല്ലാവരും നാലു ചുവരുകള്‍ക്കുള്ളില്‍ ബന്ധിതരായി.
അവധിക്കാലത്തു പറന്നുല്ലസിച്ചു നടന്നിരുന്ന കുരുന്നുകള്‍, വിദ്യാര്‍ത്ഥികള്‍ എല്ലാം ഗൂഗിള്‍ മീറ്റ്, സൂം മീറ്റ്, വീഡിയോ കോണ്‍ഫറന്‍സ്, ഓണ്‍ലൈന്‍ കഌസുകള്‍, വെര്‍ച്യുല്‍ ക്യു, വെബിനാര്‍ എന്നിവയില്‍ തളക്കപ്പെട്ടു. അക്ഷരജ്ഞാനം ഇല്ലാത്തവര്‍ പോലും കൊറോണ കാലത്തു സാങ്കേതിക വിദ്യകള്‍ പഠിച്ചു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം സ്‌ക്രീനുകളില്‍ മാത്രമായി ചുരുങ്ങി.
സമത്വ സുന്ദരമായ ഇന്ത്യയാണ് സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്തത്. ഇന്നു നാം പൊരുതുന്നത് ഭീതി വിതച്ച കൊറോണ, പ്രളയം, അയല്‍രാജ്യങ്ങളുടെ കടന്നു കയറ്റം എന്നിവക്കെതിരെയാണ്. ഒപ്പം ഫാസിസ്റ്റുകളുടെ ഭീഷണിക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും തിരിച്ചു പിടിക്കാനാണ്.
ലക്ഷങ്ങളും കോടികളും മുടക്കി ആരാധനാലയങ്ങളും പ്രതിമകളും പണിയുകയാണ്. പാര്ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ഇപ്പോഴും പട്ടിണിയും ദുരിതവും പേറി നിലനില്‍പ്പിനു വേണ്ടി പൊരുതുന്നു എന്നുള്ളത് ഭരണകര്‍ത്താക്കള്‍ അറിയുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.