റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങളിലെ യു എസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സൈനിക കമാന്‍ഡര്‍ ഖാസെം സുലൈമാനിയുടെ കൊലപാതകത്തിന് തിരിച്ചടി നല്‍കാനാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് തയ്യാറെടുക്കുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികള്‍ ആശങ്കയിലാണ്.
സുലൈമാനിയുടെ മരണത്തില്‍ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാനില്‍ നിക്ഷിപ്തമാണെന്ന് ഇറാനിലെ തെക്കന്‍ പ്രവിശ്യയായ കെര്‍മാനിലെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഗലാമാലി അബൂ ഹംസയെ ഉദ്ധരിച്ച് സ്വകാര്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയെ ഇസ്ലാമിക് റിപ്പബ്ലിക്ക് ശിക്ഷിക്കുകതന്നെ ചെയ്യും. ഗള്‍ഫിലെ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യതയും തളളിക്കളയാനാവില്ല.
ഹോര്‍മുസ് കടലിടുക്ക് ഇറാന് സ്വാധീനമുളള സുപ്രധാന ജലപാതയാണ്. ധാരാളം അമേരിക്കന്‍ പടക്കോപ്പുകളും യുദ്ധക്കപ്പലുകളും ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഇവിടെയുളള അമേരിക്കന്‍ സാന്നിധ്യം നേരത്തെ തന്നെ ഇറാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ഗള്‍ഫ് മേഖലയിലെ 35 യുഎസ് ലക്ഷ്യങ്ങള്‍ ഇറാന് ആക്രമിക്കാന്‍ കഴിയുന്ന പരിധിയിലാണെന്നും ജനറല്‍ ഗലാമാലി അബൂ ഹംസ പറഞ്ഞു. ഇറാന്‍ ആക്രമണ ഭീഷണി മുഴക്കിയതോടെ സൗദി അറേബ്യ ഉള്‍പ്പെടെ ആറു ജി സി സി രാഷ്ട്രങ്ങളിലെ വിദേശ തൊഴിലാളികള്‍ ആശങ്കയിലാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
