Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

‘കലാലയം’ സാഹിത്യോല്‍സവ് സ്വാഗതസംഘം ഓഫീസ് തുറന്നു

ദമ്മാം: കലാലയം സാംസ്‌കാരിക വേദി പതിമൂന്നാമത് സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോല്‍സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 27ന് നടക്കുന്ന പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ദമ്മാമില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കെപിസിസി നിര്‍വാഹക സമിതി അംഗവും ഒഐസിസി ഗ്ലോബല്‍ വൈസ് ചെയര്‍മാനും ബദര്‍ അല്‍ റബീഅ് മെഡിക്കല്‍ ഗ്രൂപ്പ് എംഡിയുമായ അഹമ്മദ് പുളിക്കല്‍ (വല്യാപ്പുക്ക) ഓഫീസ് ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഹബീബ് ഏലംകുളം, ചെയര്‍മാന്‍ അഷ്‌റഫ് പട്ടുവം, ലോക കേരളസഭാംഗം ആല്‍ബിന്‍ ജോസഫ്, സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം, കെഎംസിസി ദമ്മാം പ്രസിഡന്റ് ഹമീദ് വടകര, സിറാജ് പുറക്കാട് എന്നിവര്‍ പങ്കെടുത്തു.

ദമ്മാമിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിനും പ്രതിഭകള്‍ക്ക് മികച്ച മല്‍സരം കാഴ്ചവെക്കുന്നതിനും ആവശ്യമായ വിപുലമായ സജ്ജീകരണങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. സൗദിയിലെ 183 യൂനിറ്റുകളില്‍ നിന്നുള്ള വിജയികള്‍ 45 സെക്ടറുകളിലൂടെ മല്‍സരിച്ച് സോണ്‍ തലങ്ങളില്‍ മാറ്റുരക്കും. ദമ്മാമിലെ ഗ്രാന്റ് ഫിനാലെയില്‍ 9 സോണുകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ ആയിരം പ്രതിഭകള്‍ മത്സരിക്കും. ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍, കാമ്പസ് തുടങ്ങി എട്ട് കാറ്റഗറികളിലായി മെയില്‍, ഫിമെയില്‍ വിഭാഗങ്ങളില്‍ നൂറ്റിയൊന്ന് ഇനങ്ങളിലാണ് മല്‍സരങ്ങള്‍. പരിപാടിയുടെ പ്രചരണാര്‍ഥം കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്‌കാരിക സദസ്സും സംവാദവും അരങ്ങേറുമെന്ന് സംഘാടകര്‍ പറഞ്ഞു.

മുഹമ്മദ് അബ്ദുല്‍ബാരി നദ്‌വി, അഹ്മദ് നിസാമി, സിദ്ദീഖ് ശാമില്‍ ഇര്‍ഫാനി, ലുഖ്മാന്‍ വിളത്തൂര്‍, സലീം ഓലപ്പീടിക, കെഎംകെ ,മഴൂര്‍ മുനീര്‍ തോട്ടട എന്നിവര്‍ സംബന്ധിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ സോണ്‍ ചെയര്‍മാന്‍ സ്വഫ്‌വാന്‍ തങ്ങള്‍, നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഊഫ് പാലേരി, കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി, നിസാര്‍ പൊന്നാനി, ഫൈസല്‍ വേങ്ങാട്, ആബിദ് നീലഗിരി, ബഷീര്‍ ബുഖാരി, നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top