ഹൈല്‍: സൗദി ഈസ്റ്റ് കലാലയം സാംസ്‌കാരിക വേദി പതിനാലാമത് പ്രവാസി സാഹിത്യോത്സവ് ഹൈലില്‍ സമാപിച്ചു. രണ്ടു മാസം വിവിധ ഘടകങ്ങളില്‍ നടന്ന പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷമാണ് സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവ് ഹൈലിലെ ഖസ്ര്‍ ലയാലി ഓഡിറ്റോറിയത്തില്‍ കൊടിയിറങ്ങിയത്. സെന്‍ട്രല്‍, കിഴക്കന്‍ മേഖലയില്‍ നിന്നു പത്ത് സോണുകള്‍ പങ്കെടുത്തു. 225 പോയിന്റുകള്‍ നേടി ദമ്മാം സോണ്‍ കലാകിരീടം സന്ത്വമാക്കി. റിയാദ് നോര്‍ത്ത്, റിയാദ് സിറ്റി സോണുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
അല്‍ ജൗഫില്‍ നിന്നെത്തിയ സല്‍മാന്‍ കണ്ണൂര്‍ (കലാപ്രതിഭ), അല്‍ ഖസീമിലെ സുഫിയാന്‍ ഇര്‍ഫാനി (സര്‍ഗപ്രതിഭ) എന്നിവരെ തെരഞ്ഞെടുത്തു. പ്രധാന വേദിയില്‍ ഔപചാരിക ഉല്‍ഘാടനം എസ്എസ്എഫ് മുന്‍ സ്‌റ്റേറ് പ്രസിഡന്റ് പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ നിര്‍വഹിച്ചു. അല്‍ജൗഫ്, ഹായില്‍, ഖസീം, റിയാദ് നോര്‍ത്ത്, റിയാദ് സിറ്റി, ദമ്മാം, അല്‍ഖോബാര്‍, അല്‍ അഹ്‌സ, ജുബൈല്‍, തബൂക്ക്, ഹഫര്‍ അല്‍ ബാത്തിന്‍ എന്നീ സോണുകളില്‍ നിന്നായി വനിതകള്‍ ഉള്‍പ്പെടെ 800റിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു.
വൈകിട്ട് 4.00ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യോത്സവ് പ്രമേയം ‘മണ്ണും മണലും’ എന്ന വിഷയത്തില്‍ രിസാല സ്റ്റഡി സര്‍ക്കില്‍ ഗ്ലോബല്‍ പ്രതിനിധി സലിം പട്ടുവം സംസാരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷനല്‍ ചെയര്‍മാന്‍ ഇബ്‌റാഹീം അംജദിയ അധ്യക്ഷത വഹിച്ചു. പ്രവാസി രിസാല എഡിറ്റര്‍ ജാബിര്‍ അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. ഹായില്‍ പ്രവാസത്തിലെ വിവിധ സാമൂഹിക സാംസ്‌കാരിക ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
10 വേദികളിലായിരുന്നു മത്സരം. സമ്മാനദാന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഹമീദ് സഖാഫിയുടെ അദ്ധ്യക്ഷ്യത വഹിച്ചു. ഐസിഎഫ് സൗദി നാഷണല്‍ പ്രതിനിധി അബു സ്വാലിഹ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷം ജുബൈലില്‍ നടക്കുന്ന സാഹിത്യോത്സവ്-2025ന്റെ പ്രഖ്യാപനം രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ മുന്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സഖാഫി ചെബ്രശ്ശേരി നിര്‍വഹിച്ചു . ഗ്ലോബല്‍ സെക്രട്ടറിമാരായ ഉമര്‍ അലി കോട്ടക്കല്‍, അഹ്മദ് കബീര്‍ ചേളാരി, അന്‍സാര്‍ കൊട്ടുകാട് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ബഷീര്‍ സഅദി, അഫ്‌സല്‍ കായംകുളം, ചാന്‍സ അബ്ദുല്‍റഹ്മാന്‍, ഷുഹൈബ് കോനിയത്, മുസമ്മില്‍, നൗഫല്‍ പറക്കുന്ന്, തുടങ്ങിയവര്‍ സംബന്ധിച്ചു . രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ ജനറല്‍ സെക്രട്ടറി അമീന്‍ ഓച്ചിറ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ബഷീര്‍ നല്ലളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.