Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

തെറ്റുപറ്റി, എല്ലാവരും ക്ഷമിക്കണം: റഹീമിന്റെ ഉമ്മ ഫാത്തിമ

റിയാദ്: ‘എന്റെ കുട്ടിയുടെ കാര്യത്തില്‍ ഒരു കുഴപ്പവും ഉണ്ടാകരുത്. തെറ്റു വന്നുപോയി. ഇല്ല എന്നു പറയുന്നില്ല. എല്ലാവരും ക്ഷമിക്കണം’ വിതുമ്പിക്കൊണ്ട് റഹീമിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. റിയാദ് ജയിലില്‍ മോചനം കാത്തു കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കുടുംബം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നിയമ സഹായ സമിതിയെ തെറ്റിദ്ധരിച്ചു. യാത്ര മുടക്കാനും സന്ദര്‍ശനം വിലക്കാനും ചിലര്‍ ശ്രമിക്കുന്നതായി ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് സന്ദര്‍ശന വിവരം രഹസ്യമാക്കി വെച്ചതെന്നു സഹോദരന്‍ നസീര്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസിയും റിയാദ് നിയമ സഹായ സമിതിയും അറിയാതെയാണ് റഹീമിന്റെ ഉമ്മയും സഹോദരനും അമ്മാവന്‍ അബ്ബാസും സൗദിയിലെത്തിയത്. ഇതു അഭ്യുഹങ്ങള്‍ക്കു ഇടവരുത്തിയിരുന്നു. ഇവരെ കാണാന്‍ ജയിലില്‍ കഴിയുന്ന റഹീം വിസമ്മതിക്കുകയും ചെയ്തു. നിയമ സഹായ സമിതിയാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും പവ്വര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും ഉമ്മയെ കാണാന്‍ നിര്‍ബന്ധിച്ചതോടെയാണ് റഹീം വഴങ്ങിയത്. റഹീമുമായുളള കൂടിക്കാഴ്ചക്കു ശേഷമാണ് സഹായ സമിതിയെ തെറ്റിദ്ധരിച്ചതായി കുടുംബം അറിയിച്ചത്. സൗദിയിലെത്തി 15 ദിസത്തിന് ശേഷമാണ് സഹായ സമിതിയുമായി കുടുംബം ബന്ധപ്പെട്ടത്.

സഹായ സമിതി സാമ്പത്തിക തിരിമറി നടത്തിയെന്നും സൗദി ഭരണകൂടത്തെ സമീപിക്കുമെന്നും റഹീമിന്റെ സഹോദരന്‍ നസീര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇങ്ങനെ പറഞ്ഞിട്ടില്ലെന്നു ആദ്യം നിഷേധിച്ച നസീര്‍ വാട്‌സആപ് സന്ദേശം തെളിവുണ്ടെന്നു പറഞ്ഞപ്പോള്‍ തമാശ പറഞ്ഞതാണെന്നും പിടുത്തം വിട്ടുപോയെന്നുമായിരുന്നു മറുപടി.

ബത്ഹ സഹായ സമിതിയുടെ യോഗത്തിലും കുടുംബം പങ്കെടുത്തു. 18 വര്‍ഷമായി സമിതി നടത്തുന്ന നിയമ നടപടികള്‍ ചെയര്‍മാന്‍ സിപി മുസ്തഫയും കണ്‍വീനര്‍ അബ്ദുല്ലാ വല്ലാഞ്ചിറയും വിശദീകരിച്ചു. തെറ്റുപറ്റിയെന്നും മാപ്പുനല്‍കണമെന്നും യോഗത്തിലും റഹീമിന്റെ കുടുംബം ആവര്‍ത്തിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top