റിയാദ്: വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് മോചനം കാത്തു കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ഉമ്മയും സഹോദരനും അമ്മാവനും നിയമ സഹായ സമിതിയെ കാണും. നവംബര്‍ 12ന് രാത്രി 8.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് കൂടിക്കാഴ്ച. സഹായ സമിതിയുമായി സഹകരിച്ച സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഉമ്മയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സഹായ സമിതി അറിയിച്ചു.
കഴിഞ്ഞ മാസം 30ന് അസീറിലെത്തിലെ ഉമ്മ ഫാത്തിമയും സംഘവും നിയമ സഹായ സമിതിയെ ബന്ധപ്പെടാതുരുന്നത് വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. കുടുംബം നന്ദികേടാണ് കാണിക്കുന്നതെന്ന് സഹായ സമിതി ചെയര്‍മാന്‍ തുറന്നടിയ്ക്കുകയും ചെയ്തിരുന്നു. അതിനിടെ ജയിലിലെത്തിയ ഉമ്മയെ കാണാന്‍ റഹീം വിസമ്മതിച്ചതോടെ വിവാദങ്ങള്‍ കൂടുതല്‍ ചൂടുപിടിച്ചു. റഹീം ഉമ്മയെ കാണാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കാണണമെന്നുതന്നെയാണ് അഭിപ്രായമെന്നും നിയമ സഹായ സമിതി നിലപാട് സ്വീകരിച്ചിരുന്നു.
റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍, ഇന്ത്യന്‍ എംബസിയില്‍ റഹീമിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന യൂസഫ് കാക്കഞ്ചേരി എന്നിവര്‍ ഉമ്മയെ കാണാന്‍ റഹീമിനെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെയാണ് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബാംഗങ്ങള്‍ ഇന്നലെ റഹീമിനെ അല്‍ ഖര്‍ജ് റോഡിലെ ഇസ്‌കാനിലുളള ജയിലില്‍ സന്ദര്‍ശിച്ചത്. എംബസിയിലെത്തിയ കുടുംബാംഗങ്ങള്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് ഉള്‍പ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്തി. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ തെറ്റിദ്ധാരണ നീങ്ങിയ കുടുംബാംഗങ്ങള്‍ സഹായ സമിതിയെ കാണാന്‍ തീരുമാനിച്ചത് സമിതി ഭാരവാഹികള്‍ സ്വാഗതം ചെയ്യുകയായിരുന്നു.
വധശിക്ഷ റദ്ദാക്കിയതിന് ശേഷം ബഞ്ച് മാറ്റിയതും മോചനം സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദം നടക്കേണ്ട തീയ്യതി മാറ്റിവെച്ചതും സഹായ സമിതിക്കെതിരെ അനാവശ്യ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ നീതിന്യായ സംവിധാനങ്ങളോട് സഹകരിച്ച് കാത്തിരിക്കണമെന്നും നവംബര്‍ 17ന് റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിയമ സഹായ സമിതി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.