റിയാദ്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ സഹായിക്കന്‍ കേളി കലാസാംസ്‌കാരിക വേദി സൗജന്യ ടിക്കറ്റ് വിതരണം. ‘കേളിയിലൂടെ കേരളത്തിലേക്ക്’ പദ്ധതിയുടെ ആദ്യഘട്ട സൗജന്യ വിമാന ടിക്കറ്റുകളാണ് വിതരണം ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുധാകരന്‍ കല്യാശ്ശേരി, ടി.ആര്‍. സുബ്രഹ്മണ്യന്‍, ജോസഫ് ഷാജി, സുരേന്ദ്രന്‍ കൂട്ടായി, ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
നിര്‍ധനരായ 100 പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കും. ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നു ഫൈനല്‍ എക്‌സിറ്റ് കാലവധി അവസാനിക്കാറായ 17 പേര്‍ക്കാണ് ടിക്കറ്റ് വിതരണം ചെയ്തത്. വിസിറ്റ് വിസയില്‍ വന്ന് കോവിഡ്പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന രണ്ട് കുടുംബങ്ങളും ടിക്കറ്റ് നല്‍കും.
വന്ദേ ഭാരത് മിഷന്‍ പ്രകാരമുള്ള ഫ്‌ളൈറ്റുകളിലാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഗുണഭോക്താക്കളും പങ്കെടുത്തു. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗവും പദ്ധതിയുടെ ട്രഷററുമായ സുനില്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.