![](https://sauditimesonline.com/wp-content/uploads/2019/10/SAUDI-LABOR-222.jpg)
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാം വര്‍ഷ അംഗത്വ കാമ്പയിന് മികച്ച പ്രതികരണം. ‘പ്രതീക്ഷകളസ്തമിക്കുന്നിടത്ത് ചേര്‍ത്തു പിടിക്കാന്‍’ കാമ്പയിന്‍ വഴി ആയിരങ്ങളാണ് പദ്ധതിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.
പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ 2019 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം മരിക്കുന്ന അംഗങ്ങളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ അഞ്ചു പേരുടെ കുടുംബത്തിന് പത്ത് ലക്ഷം വീതം കഴിഞ്ഞ മാസം പാണക്കാട് വിതരണം ചെയ്തിരുന്നു. കൊവിഡ് ബാധിച്ചും അല്ലാതെയും മരിച്ച അംഗങ്ങളുടെ കുടുംബളാണ് ഗുണഭോക്താക്കള്‍. കൊവിഡ് കാലത്തും ഫണ്ട് കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പറഞ്ഞു.
ഈ വര്‍ഷം അംഗങ്ങള്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും. എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും പദ്ധതിയില്‍ അംഗത്വമെടുക്കാം. 2016 ജനുവരി 1ന് ശേഷം റിയാദില്‍ നിന്നു മടങ്ങിയ പ്രവാസികള്‍ക്ക് പദ്ധതിയുടെ ഭാഗമാവാം. ഇതിനായി നാട്ടില്‍ രൂപീകരിച്ച ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ അംഗത്വ ഫീസ് അടക്കണം.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അംഗങ്ങളാണ്. ട്രസ്റ്റിനായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല.
120 റിയാലാണ് അംഗത്വ ഫീസ്. റിയാദിലും പരിസരങ്ങളിലുമുള്ള മലയാളികള്‍ക്ക് പദ്ധതിയില്‍ അംഗമാവാം. വ്യത്യസ്ത രാഷ്ട്രീയ, മത കാഴ്ചപ്പാടുള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം. ആദ്യ വര്‍ഷം തന്നെ ഇത്തരത്തില്‍ നിരവധി പേര് അംഗങ്ങളായിട്ടുണ്ട്. അംഗത്വമെടുത്തവര്‍ക്ക് അവരുടെ വിവരങ്ങള്‍ www.kmcccare.com വെബ്‌സൈറ്റ് വഴി ലഭ്യമാണ്. പദ്ധതിയുടെ വിജയത്തിനായി അബ്ദുറഹ്മാന്‍ ഫറോക്ക് ചെയര്‍മാനും കബീര്‍ വൈലത്തൂര്‍ ജനറല്‍ കണ്‍വീനറുമായി ഉപസമിതി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത് കമ്മിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുാനാണ് കമ്മിറ്റിയുടെ തീരുമാനം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
![](https://sauditimesonline.com/wp-content/uploads/2022/03/BPL-COMFORT-27-03-22.jpg)