Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

ആയിരം യൂനിറ്റ് രക്തം ദാനം നല്‍കി; കേളി ‘ജീവസ്പന്ദനം’ മാതൃകയായി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘ജീവസ്പന്ദനം’ ആറാമത് മെഗാ രക്തദാന ക്യാമ്പില്‍ ആയിരത്തിലധികം പേര്‍ ജീവരക്തം ദാനം ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

മലാസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ക്യാമ്പിന് വേദി ഒരുക്കിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് ക്യാമ്പ് വൈകീട്ട് 5 വരെ നീണ്ടു നിന്നു. കേളി പ്രവര്‍ത്തകരോടൊപ്പം മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുളളവരും രക്തം ദാനം നല്‍കാന്‍ എത്തിയിരുന്നു. ഇതിന് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, സിറിയ, യമന്‍, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ്, നേപ്പാള്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമായി 1007 പേര്‍ രക്തം ദാനം നല്‍കി ‘ജീവസ്പന്ദനം’ പരിപാടിയില്‍ പങ്കാളികളായി.

ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യം പരിഗണിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 45 മെഡിക്കല്‍ സ്റ്റാഫും 35 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘത്തിന് റിയാദ് ബ്ലഡ്ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുത്തേരി നേതൃത്വം നല്‍കി. 25 യൂണിറ്റുകളും 2 ബസ്സുകളിലായി 8 മൊബൈല്‍ യൂണിറ്റുകളിലുമായി 33 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്.

മുന്‍ വര്‍ഷങ്ങളിലും രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം 1000 യൂനിറ്റ് രക്തം ദാനം നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 1007 രക്തദാതാക്കളെ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ക്കു കഴിഞ്ഞു. ഇതോടെ കേളി 8500 യൂണിറ്റിലധികം രക്തമാണ് വിവിധ ഘട്ടങ്ങളിലായി ദാനം ചെയ്തത്.

ക്യാമ്പിന്റെ വിജയത്തിന് നാസര്‍ പൊന്നാനി, ജാര്‍നെറ്റ് നെല്‍സന്‍ വൈസ് ചെയര്‍മാന്മാര്‍, അലി പട്ടമ്പി കണ്‍വീനര്‍ , സലീം മടവൂര്‍ ജോയിന്റ് കണ്‍വീനര്‍, എന്നിവരടങ്ങുന്ന101 അംഗ സംഘാടക സമിതി പ്രവര്‍ത്തിച്ചു. സമാപന ചടങ്ങില്‍ സംഘടകസമിതി ചെയര്‍മാന്‍ നാസര്‍ പൊന്നാനി ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ

ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റും അസ്സോസിയേറ്റ് കണ്‍സള്‍ട്ടന്റുമായ ഡോ. ജോസ് ക്ലീറ്റസ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു യൂനിറ്റ് രക്തം എന്നു പറയുന്നത് നാല് പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് തുല്യമാണെന്നും ഒട്ടേറെ രക്തദാന ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒന്‍പത് മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം രക്തദാതാക്കള്‍ പങ്കെടുത്ത പ്രഥമ ക്യാമ്പാണിതെന്നും അദ്ദേഹം പറഞ്ഞു. കേളി കേന്ദ്ര രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുത്തേരി, ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍മാരായ ഹിഷാം അല്‍ ഒഷിവാന്‍, അലി അല്‍ സനയാദി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേളിക്കുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് മുഹമ്മദ് ഫഹദ് അല്‍ മുത്തേരിയില്‍ നിന്നും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏറ്റുവാങ്ങി. തുടര്‍ച്ചയായി രണ്ടു തവണ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് പശ്ചാത്തല സൗകര്യം ഒരുക്കിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുള്ള കേളിയുടെ ഉപഹാരം ലുലു മലാസ് ബ്രാഞ്ച് മാനേജര്‍ ആസിഫിന് കേളി സെക്രട്ടറി കൈമാറി. സംഘാടക സമിതി കണ്‍വീനര്‍ അലി പട്ടാമ്പി സമാപന ചടങ്ങിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top