Sauditimesonline

king
സല്‍മാന്‍ രാജാവിന്റെ അതിഥികളായി 2,500 തീര്‍ഥാടകര്‍

ഭക്തിയുടെ കടലില്‍ സുരക്ഷയുടെ മതില്‍ക്കെട്ട്; കരുത്തു വിളംബരം ചെയ്തു സൈനിക പരേഡ്

വിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അല്ലാഹുവിന്റെ അതിഥികള്‍ക്ക് പഴുതടച്ച സുരക്ഷയും സേവനവും ഉറപ്പാക്കാന്‍ പുണ്യഭൂമി പൂര്‍ണ്ണ സജ്ജം. ഇതിന് മുന്നോടിയായി വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ഭടന്‍മാരും കമാന്‍ഡോകളും വനിതാ സൈനികരും അണിനിരന്ന ‘ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സസ് റെഡിനസ് പരേഡ്’ മക്കയില്‍ അരങ്ങേറി. തീര്‍ഥാടകരെ സ്വീകരിക്കാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്ന് ലോകത്തിന് മുന്നില്‍ വിളംബരം ചെയ്യുന്ന, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സംയുക്ത സേനാ പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.

മസ്ജിദുല്‍ ഹറാമില്‍ നിന്നു മിന, മുസ്ദലിഫ വഴി അറഫാത്തിലേക്ക് പോകുന്ന പാതയ്ക്ക് സമീപമുള്ള വിശാലമായ പരേഡ് മൈതാനത്താണ് സേന അണിനിരന്നത്. പരേഡില്‍ സഊദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് സെല്യൂട്ട് സ്വീകരിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയും പങ്കെടുത്ത സൈനികരുടെ എണ്ണവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

2026ലെ ഹജ്ജ് സീസണില്‍ ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് സുരക്ഷാ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. മക്ക, മദീന, മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഭടന്‍മാരെയാണ് വിന്യസിച്ചിരിക്കുന്നത്.

മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ക്രമസമാധാനവും ട്രാഫിക് നിയന്ത്രണവും നിര്‍വ്വഹിക്കുന്നത് പൊലീസ് സേന ഉള്‍പ്പെടുന്ന പബ്ലിക് സെക്യൂരിറ്റി ഫോഴ്‌സ് ആണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പൊലീസിനെ സഹായിക്കുന്നത് റോയല്‍ സഊദി ലാന്‍ഡ് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ്. അത്യാധുനിക ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യോമമാര്‍ഗം മക്കയിലെ സുരക്ഷയും ജനക്കൂട്ടത്തിന്റെ ചലനങ്ങളും 24 മണിക്കൂറും നിരീക്ഷിക്കാന്‍ റോയല്‍ സഊദി എയര്‍ഫോഴ്‌സും സജ്ജമാണ്. തീരപ്രദേശങ്ങളിലെയും തുറമുഖങ്ങളിലെയും സുരക്ഷ ഉറപ്പാക്കുന്നതിന് റോയല്‍ സറൗദി നേവല്‍ ഫോഴ്‌സും രംഗത്തുണ്ട്. അഗ്‌നിബാധ, പ്രകൃതി ദുരന്തങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവ നേരിടാന്‍ സിവില്‍ ഡിഫന്‍സും സജ്ജരാണ്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ ടീമും സുരക്ഷാ സജ്ജീകരണങ്ങളുടെ ഭാഗമാണ്. ഈ വര്‍ഷം 41 കേന്ദ്രങ്ങളിലായി 2,160ലധികം മെഡിക്കല്‍ വിദഗ്ദ്ധരെയാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ എയര്‍ ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ മക്കയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ അതിര്‍ത്തി കവാടങ്ങളില്‍ ‘താവക്കല്‍നാ’, ‘മിദാന്‍’ തുടങ്ങിയ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് കര്‍ശന പരിശോധനയാണ് നടക്കുന്നത്. അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സുരക്ഷാ സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്.

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഹീറോയിക് റെസ്‌ക്യൂ ഓപ്പറേഷനുകള്‍ എന്നിവയുടെ തത്സമയ മോക്ക് ഡ്രില്ലുകള്‍ പരേഡില്‍ അരങ്ങേറി. അത്യാധുനിക സൈനിക വാഹനങ്ങള്‍, കവചിത ടാങ്കുകള്‍, പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളുള്ള ആംബുലന്‍സുകള്‍ എന്നിവയ്‌ക്കൊപ്പം വ്യോമസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളുടെ ഫ്‌ളൈപാസ്റ്റും കെട്ടിടങ്ങളില്‍ നിന്ന് റോപ്പുകള്‍ വഴി കമാന്‍ഡോകള്‍ താഴേക്ക് ഇറങ്ങുന്ന പ്രകടനങ്ങളും മുഖ്യ ആകര്‍ഷണമായി.

സഊദി വിഷന്‍ 2030ന്റെ ഭാഗമായി സുരക്ഷാ സേനയിലെ വനിതാ ഉദ്യോഗസ്ഥരും പരേഡില്‍ സജീവമായി പങ്കെടുത്തു. മക്കയിലും മദീനയിലും വനിതാ തീര്‍ഥാടകരെ സഹായിക്കാനും അവര്‍ക്ക് സുരക്ഷയൊരുക്കാനും പ്രത്യേക പരിശീലനം നേടിയവരാണ് ഇവര്‍.

നിര്‍മിത ബുദ്ധി (എഐ), ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍, നിരീക്ഷണ ഡ്രോണുകള്‍, സ്മാര്‍ട്ട് മോണിറ്ററിംഗ് ടൂളുകള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. തീര്‍ഥാടകര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പൂര്‍ത്തിയായതായി. തീര്‍ഥാടകരുടെ സുരക്ഷയ്ക്കാണ് രാജ്യം ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നും ചടങ്ങില്‍ പങ്കെടുത്ത ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നാഥന്റെ അതിഥികളായി എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും സമാധാനവും ഉറപ്പുനല്‍കുന്ന ഒരുമയുടെ കരുത്താണ് ഹജ്ജ് ‘ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സസ് റെഡിനസ് പരേഡ്’ വിളംബരം ചെയ്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top