
തിരുവനന്തപുരം: ‘ലോക കേരളം’ ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ബന്ധിപ്പിക്കുന്നതിനു ലോക കേരള സഭ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ മൊബൈല്‍ ആപ് രൂപകല്പന ചെയ്തത്. കേരളത്തില്‍ താമസിക്കുന്ന മലയാളികള്‍, വിദേശത്തുള്ളവര്‍ എന്നവര്‍ക്കു സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സഹകരണത്തിനുള്ള ഇടമായി ആപ് മാറും.

മുഖ്യമന്തിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്റ് പ്രോഡക്ട് ഡെവലപ്‌മെന്റ് ഡയറക്റ്റര്‍ ഡോ. ആര്‍. അജിത് കുമാര്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ പ്രോജക്ട് മാനേജര്‍ അരുണ്‍ കുമാര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രവാസികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുന്ന ലോകത്തെ പ്രഥമ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് ലോക കേരളം ഓണ്‍ലൈന്‍. മൂന്നാം ലോക കേരള സഭയിലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്ന ആശയം വന്നത്. നാലാം ലോക കേരള സഭയില്‍ ലോക കേരളം ഓണ്‍ലൈന്റെ ആദ്യ ഘട്ടം അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി നിരവധി സേവനങ്ങളാണ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പടുത്തുന്നത്. ഓണ്‍ലൈന്‍ മാനസികാരോഗ്യ ചികിത്സാ, ഓണ്‍ലൈന്‍ ആയുര്‍വേദ ചികിത്സാ, കലാമണ്ഡലത്തിന്റെ ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്‌സുകള്‍, സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍, സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ എന്നിവ ആപ്പില്‍ ലഭ്യമാക്കും.

നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയാണ് ലോക കേരളം ഓണ്‍ലൈന് രൂപം കൊടുത്തത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കും. വിവരങ്ങള്‍ പൂര്‍ണമായി സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്‌ഫോം വികസപ്പിച്ചിട്ടുള്ളത്.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക. ആപ്പിള്‍ സ്‌റ്റോര്‍ :https://apps.apple.com/in/app/lokakeralamonline/id6740562302 ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോര്‍ : https://play.google.com/store/apps/details?id=com.cdipd.norka
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.