റിയാദ്: പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക പ്രഖ്യാപിച്ച സര്‍ക്കാര്‍ ധനസഹായം കബളിപ്പിക്കലാണെന്ന് റിയാദ് മലപ്പുറം ജില്ല കെ എം സി സി ആരോപിച്ചു. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് സഹായം ലഭിക്കാനുള്ള അപേക്ഷ അതീവ സങ്കീര്‍ണ്ണത നിറഞ്ഞതാണ്. ഇത് പ്രവാസികള്‍ക്ക് സഹായം നിഷേധിക്കുന്നതിന് തുല്യമാണ്. നോര്‍ക്ക ആവിശ്യപ്പെടുന്ന രേഖകളില്‍ പ്രവാസിയുടെ സേവിംഗ് ബാങ്ക് അക്കൗണ്ട്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ നല്‍കാന്‍ ആവശ്യപെടുന്നു. മിക്ക പ്രവാസികളുടെയും ബാങ്ക് അക്കൗണ്ട് എന്‍.ആര്‍. ഐ അക്കൗണ്ടുകളാണ്. ബാങ്കുകളില്‍ പോയി പുതിയ അക്കൗണ്ട് തുടങ്ങുന്നതും പാസ്ബുക്ക് ഉണ്ടാക്കുന്നതും കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എളുപ്പമല്ല.
കോവിഡ് സഹായത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ മിക്കവാറും സമയങ്ങളില്‍ ലിങ്ക് ലഭ്യമല്ല. ഏപ്രില്‍ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തയ്യതി. ഈ സാഹചര്യം തുടരുകയാണെങ്കില്‍ കൂടുതല്‍ പ്രവാസികള്‍ക്കും സഹായത്തിന് അപേക്ഷിക്കുവാന്‍ കഴിയില്ല. മാത്രമല്ല ജനുവരി ഒന്നിന് ശേഷം നാട്ടില്‍ പോയ പ്രവാസികളോട് മാത്രമാണ് സഹായത്തിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നാട്ടില്‍ പോയ പ്രവാസികള്‍ക്കും വിദേശത്ത് ജോലി നഷ്ടപെട്ട് ദുരിതത്തില്‍ കയ്യുന്ന പ്രവാസികള്‍ക്കും ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാറും നോര്‍ക്കയും താല്പര്യമെടുക്കണം. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ ലഘൂകരിക്കണം. പ്രവാസി കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പ് വരുത്തുവാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് കോഡിനേറ്റര്‍മാരായ ഷൗക്കത്ത് കടമ്പോട്ട്, ഷബീറലി ജാസ് എന്നിവര്‍ ആവശ്യപെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.