Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ലീഗും സമസ്തയും പാണക്കാട് കുടുംബവും സമുദായത്തിന്റെ മൂന്ന് അടുപ്പുകല്ലുകള്‍

മുജീബ് കളത്തില്‍

അല്‍ കോബാര്‍: മത വിശ്വാസങ്ങളിലും അനുഷ്ടാനങ്ങളിലും കൃത്യമായ ദിശാബോധം നല്‍കി സമസ്ത ഉള്‍പ്പെടെയുളള സംഘടനകള്‍ എല്ലാ വിഭാഗത്തേയും ചേര്‍ത്ത് നിര്‍ത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. രാഷ്ട്രീയ ഉന്നമനത്തിന് മുസ്ലിം ലീഗും പ്രവര്‍ത്തിക്കണം. സമുദായത്തിന്റെ ഐക്യ ബോധമാണ് കേരള മുസ്ലിംകളില്‍ മത, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരിക നവോത്ഥാനത്തിന് ചാലകമായി വര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തുഖ്ബ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി റഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഫാമിലി ജോഡോ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ മൂന്ന് അടുപ്പുകല്ലുകളാണ് മുസ്ലിം ലീഗും സമസ്തയും പാണക്കാട് കുടുംബവും. അത് മൂന്നും ഒന്നിച്ചു നില്‍ക്കണം. ഏതെങ്കിലും ഒന്നിന് ക്ഷതമേല്‍ക്കുന്നത് സമുദായത്തിന്റെ ശൈഥില്യത്തിന് കാരണമാകും. മുസ്ലിം സംഘടനകള്‍ ആദര്‍ശപരമായ നിലപാടുകളും അഭിപ്രായ വ്യത്യാസങ്ങളും അതതിന്റെ വേദികളില്‍ പ്രകടിപ്പിക്കണം. അപ്പോഴാണ് പൊതുവിഷയങ്ങളില്‍ അവര്‍ ഒന്നിച്ചിരുന്ന് അവകാശങ്ങള്‍ സംരക്ഷിക്കാനും പൊതു ശത്രുവിനെതിരെ ശബ്ദിക്കാനും കഴിയുകയുളളൂ. ഇതാണ് മുസ്ലിം ലീഗും പ്രവാസ ലോകത്ത് കെ.എം.സി.സിയുടെയും ദൗത്യമെന്നും ‘ലക്ഷ്യം സമുദായ ഐക്യം ‘ എന്ന വിഷയം അവതരിപ്പിച്ച് നാസര്‍ ഫൈസി വ്യക്തമാക്കി.

കമ്മ്യൂണിസം അന്യം നിര്‍ത്തേണ്ട ആശയം തന്നെയാണ്. ഫാഷിസത്തെ ചെറുക്കാനും ജനാധിപത്യത്തില്‍ പങ്കാളികളാവാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി മുന്നണി ധാരണ ഉണ്ടാക്കുന്നതിനെ ഉയര്‍ത്തിക്കാട്ടി നിരീശ്വരവാദത്തെയും മതനിരാസത്തേയും ഒളിച്ചു കടത്തുന്ന കമ്മ്യൂണിസത്തെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങള്‍ വിഷയാധിഷ്ഠിതമായി തിരിച്ചറിഞ്ഞ് നിലപാടുകള്‍ സ്വീകരിക്കാന്‍ സമുദായവും നേതൃത്വവും കാര്യശേഷിയുള്ളരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോട്ടിവേറ്റര്‍ പിഎംഎ ഗഫൂറിന്റെ ‘ലഹരി നുകരുന്ന യുവത്വം; ചതിക്കുഴികളും പരിഹാര മാര്‍ഗ്ഗവും’ എന്ന വിഷയം അവതരിപ്പിച്ചു. തുഖ്ബ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് യു.കെ.ഉമ്മര്‍ ഓമശ്ശേരി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സൈഫുദ്ധീന്‍ മുക്കം സ്വാഗതവും,ട്രഷറര്‍ ആഷിക് ചോക്കാട് നന്ദിയും പറഞ്ഞു. ആദ്യ സെഷനില്‍ സുഹൈല്‍ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ എം സി സി കിഴക്കന്‍ പ്രവിശ്യാ ആക്ടിംഗ് പ്രസിഡണ്ട് അമീറലി കൊയിലാണ്ടി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല എന്നിവരും ഒപ്പം നാഷണല്‍, പ്രവിശ്യാ,വിവിധ സെന്‍ട്രല്‍ കമിറ്റി, ജില്ലാ കമ്മറ്റി നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു. പ്രവിശ്യയിലെ കെഎംസിസി മാതൃകാ സേവകരെയും മാധ്യമ പ്രവര്‍ത്തകരേയും ചടങ്ങില്‍ ആദരിച്ചു. രണ്ടാം സെഷനില്‍ വനിതാ വിഭാഗം പ്രസിഡന്റ് സുമയ്യ ഫസല്‍ സ്വാഗതം പറഞ്ഞു. ഡോ. ഫസീല ഫൈസല്‍ (റഫ മെഡിക്കല്‍ സെന്റര്‍), ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മെഹനാസ് ഫരീദ് എന്നിവര്‍ സംസാരിച്ചു. ജന:സെക്രട്ടറി ജമാല്‍ മീനങ്ങാടി നന്ദി പറഞ്ഞു. മജീദ് കൊടുവള്ളി, റഷീദ് കാക്കൂര്‍, പൂക്കോയ തങ്ങള്‍, ഫൈസല്‍ നരിക്കുനി, അഷ്‌റഫ് ക്ലാരി, കബീര്‍ അത്തോളി, ഇല്യാസ് ശിവപുരം, സക്കീര്‍ കാരശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top