
റിയാദ്: കെഎംസിസി കാസര്‍കോട് ജില്ലാ കമ്മറ്റി ആറു മാസം നീണ്ടുനിന്ന സംഘടനാ ശാക്തീകരണ കാമ്പയിന്‍ ‘കൈസെന്‍’ സമാനപത്തിലേയ്ക്ക്. ജൂണ്‍ 27 വെള്ളി വൈകീട്ട് 6:00ന് റിയാദ് മുര്‍സലാബ്ലിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം നടക്കും.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ), എ.കെ.എം. അഷ്‌റഫ് (മഞ്ചേശ്വരം നിയോജക മണ്ഡലം എം.എല്‍.എ), കല്ലട്ര മാഹിന്‍ ഹാജി (മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്), എ. അബ്ദുല്‍ റഹ്മാന്‍ (മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി), ഇസ്മായില്‍ വയനാട് (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍), എ.ജി.സി. ബഷീര്‍ (മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി) അതിഥികളായി പങ്കെടുക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

‘കൈസെന്‍’ എന്ന ജാപ്പാനീസ് പദത്തിന് ‘തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍’ എന്നാണ് അര്‍ത്ഥം. ഇതു സാക്ഷാത്ക്കരിക്കാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്കു കഴിഞ്ഞു. കെ.എം.സി.സി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളിലും ആശയങ്ങളിലും ഊന്നി സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളും പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കി.
2024 നവംബര്‍ 15ന് യരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് പ്രീമിയര്‍ ലീഗ്, എക്‌സിക്യൂട്ടീവ് ക്യാമ്പ് ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ്, ചെര്‍ക്കളം അബ്ദുല്ല സാഹിബ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, സൂപ്പര്‍ സിംഗര്‍ കോണ്‍ടെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെ, ഫാമിലി മീറ്റ്, ഗ്രാന്‍ഡ് ഇഫ്താര്‍ മീറ്റ് എന്നിവ അരങ്ങേറി.

ജീവകാരുണ്യ രംഗത്തും കാസര്‍കോട് ജില്ലാ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സി.എച്ച്. സെന്ററുകള്‍ക്കുള്ള സഹായങ്ങള്‍ വിതരണം ചെയ്തു. ക്യാമ്പയിന്‍ കാലയളവില്‍ കാസര്‍കോട് കെ.എം.സി.സി ജില്ലാ കമ്മിറ്റി വെല്‍ഫെയര്‍ വിങ്, സ്‌പോര്‍ട്‌സ് വിങ്, വനിതാ വിങ് എന്നിവക്ക് രൂപം നല്‍കി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി സെഞ്ച്വറി (പ്രസിഡന്റ്, റിയാദ് കെഎംസിസി കാസര്‍കോട്), അഷ്‌റഫ് മീപ്പിരി (ജനറല്‍ സെക്രട്ടറി), ഇസ്മായില്‍ കാരോളം (ട്രഷറര്‍), അസീസ് അടുക്ക (ചെയര്‍മാന്‍), ജലാല്‍ ചെങ്കള (ചെയര്‍മാന്‍, കാമ്പയിന്‍ പ്രചാരണ കമ്മിറ്റി) എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.