റിയാദ്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ സമ്പദ് ഘടനയെ ഗുരുതരമായി ബാധിച്ചതായി ലക്ഷദ്വീപ് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഫൈസല്‍. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സൗദി സന്ദര്‍ശനമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കരാര്‍ അടിസ്ഥാനത്തില്‍ 20 വര്‍ഷത്തിലേറെയായി ജോലി ചെയ്തിരുന്ന ദ്വീപ് നിവാസികളെ അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിട്ടു. അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരെയെല്ലാം പിരിച്ചുവിട്ടു. ഇതോടെ മാസം മൂന്ന് കോടി രൂപയെങ്കിലും ദ്വീപിലെ സമ്പദ് ഘടനയില്‍ നഷ്‌ടെപ്പട്ടു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം തിരിച്ചടിയാണ് സൃഷ്ടിച്ചത്. കരാര്‍ അധ്യാപകരെ പിരിച്ചുവിട്ടതോടെ എട്ട് പ്രൈമിറി സ്‌കൂളുകള്‍ അടച്ചുപൂട്ടി. പൊതുഗതാഗതം ഇല്ലാത്ത ദ്വീപില്‍ നാലു കിലോ മീറ്ററിലധികം നടന്ന് സ്‌കൂളില്‍ പോകേണ്ട സാഹചര്യമാണ് നിലവിലുളളത്. ഉപരിപഠനത്തിനുളള സ്‌കോളര്‍ഷിപ്പ് വിതരണം മുടങ്ങിയതോടെ ദ്വീപിലെ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ തകര്‍ന്നു. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പഠിക്കാന്‍ പോയ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണം 35ല്‍ നിന്ന് ആറായി ചുരുങ്ങിയത് ആരോഗ്യ മേഖലയെയും താറുമാറാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിച്ചു. കേരളം, തമിഴ് നാട് ഉള്‍പ്പെടെ വിദഗ്ദ ചികിത്സയും എയര്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമായ ഇന്‍ഷുറന്‍സിന പകരം ഏര്‍പ്പടുത്തിയ സംവിധാനം ഫലപ്രദമല്ലെന്നും എം പി ആരോപിച്ചു.
സൗദിയിലെ ഇന്ത്യന്‍ സംരംഭകരുമായും വിവിധ കമ്പനി പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ലക്ഷദ്വീപിലെ യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. പുതിയ റിക്രൂട്‌മെന്റ് വേളയില്‍ ദ്വീപ് നിവസികളെ പരിഗണിക്കാമെന്ന ആശ്വാസ വാക്ക് സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍ രാം പ്രസാദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും തൊഴില്‍ വിസ തട്ടിപ്പിന് ഇരയാകുന്നു. ഇത്തരത്തില്‍ 13 പേരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് എംബസി അറിയിച്ചതായും എംപി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ഹലിം, മുജീബ് ഉപ്പട എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.