ബുബ്ബ മസ്ജിദ് പദ്ധതി; മദീനയില്‍ ലുലു ഹൈപ്പര്‍ വരുന്നു

മദീന: മസ്ജിദ് ഖുബ്ബ വികസന പദ്ധതിയുടെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കുന്ന കൊമേഴ്‌സ്യല്‍ സെന്ററുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്‌സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊമേഴ്‌സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും.

ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി, ആസര്‍ ഗള്‍ഫ് കൊമേഴ്‌സ്യല്‍ കമ്പനി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ സെയ്ഫി ബിന്‍ നുമഹി അല്‍ അംറി എന്നിവരാണ് മദീനയില്‍ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. ലുലു സൗദി അറേബ്യ ഡയരക്ടര്‍ ഷഹീം മുഹമ്മദ്, ലുലു റീജിയണല്‍ ഡയരക്ടര്‍ റഫീഖ് മുഹമ്മദലി എന്നിവരും സംബന്ധിച്ചു.

ലുലുവുമായുള്ള സഹകരണം വാണിജ്യ രംഗത്ത് കൂടുതല്‍ ഉണര്‍വേകാന്‍ സഹായകരമാകുമെന്ന് ശൈഖ് മാജിദ് ബിന്‍ സെയ്ഫി ചൂണ്ടിക്കാട്ടി.

പരിശുദ്ധ റമദാനിലെ ആദ്യദിനത്തില്‍ പുണ്യനഗരമായ മദീനയില്‍ പദ്ധതിയുടെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇതിനു അനുമതി നല്‍കിയ ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും സൗദി ഭരണകൂടത്തിനും പ്രത്യേക നന്ദി പറയുന്നു. സൗദി ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ രാജ്യത്തെ അതിവേഗം പുരോഗതിയിലേക്ക് നയിക്കുകയാണ്. 24 മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ആധുനിക രീതിയിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റാണ് മദീനയില്‍ വിഭാവന ചെയ്തിരിക്കുന്നത്. ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിക്കുന്നതെന്നും യൂസഫലി പറഞ്ഞു.

Leave a Reply