സുഡാന്‍ ഒഴിപ്പിക്കല്‍ ദ്യത്യത്തിന് സഹായം; സൗദിക്ക് നന്ദി പ്രകടിപ്പിച്ച് ഇന്ത്യന്‍ അംബാസഡര്‍
റിയാദ്: സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മാമ്പഴോത്സവം ആരംഭിച്ചു. ലുലു മാംഗോ മാനിയ എന്ന പേരില്‍ വിവിധ ഇനം മാമ്പഴങ്ങളുടെ ശേഖരമാണ് മാമ്പഴോത്സവത്തിന്റെ പ്രത്യേകത. 12 രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ഇനങ്ങളിലുളള മാമ്പഴങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
മുറബ്ബ റിയാദ് അവന്യൂ മാളിലെലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്‌റ്റോറില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദും മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. ജിദ്ദയില്‍ മദീന റോഡിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കു പുറമെ ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, യെമന്‍, ഉഗാണ്ട, കെനിയ, ഐവറി കോസ്റ്റ്, കൊളംബിയ, പെറു എന്നിവിടങ്ങളില്‍ നിന്നുളള മാമ്പഴങ്ങള്‍ പ്രദനശനത്തിനും വിത്പ്പനക്കും ഒരുക്കിയിട്ടുണ്ട്.
മാമ്പഴങ്ങള്‍ക്കു പുറമെ മാമ്പഴം മുഖ്യ ചേരുവയായ വിവിധ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. മധുരപലഹാരങ്ങള്‍, കറികള്‍, അച്ചാറുകള്‍, മാമ്പഴ മീന്‍ കറി, മാമ്പഴ ചിക്കന്‍ കറി, തേന്‍ മാംഗോ സോസിനൊപ്പം സ്റ്റഫ് ചെയ്ത ചിക്കന്‍ ബ്രെസ്റ്റ്, അച്ചാറുകള്‍, പരമ്പരാഗത മാമ്പഴ വിഭവങ്ങള്‍ എന്നിവ ലുലു ഹോട്ട് ഫുഡ് ആന്‍ഡ് കോള്‍ഡ് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാമ്പഴോത്സവം മെയ് 23 വരെ നീണ്ടുനില്‍ക്കും.
മാമ്പഴോത്സവം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. പല രാജ്യങ്ങളിലും മാമ്പഴം കൃഷി ചെയ്യുന്നുണ്ടെങ്കിലും മികച്ച ഇന്ത്യന്‍ വിഭവമായി മാമ്പഴം മാറിയെന്നും അംബാസഡര്‍ വ്യക്തമാക്കി.
സുഡാന്‍ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിച്ച സൗദി അധികൃതര്‍ക്ക് അംബാസഡര്‍ നന്ദി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ സുഡാനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത 3000 ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതായും അംബാസഡര്‍ പറഞ്ഞു.
സൗദി അറേബ്യയിലേക്ക് ഏറ്റവും മികച്ച രുചിവൈവിധ്യമാണ് ലുലു കൊണ്ടുവന്നിട്ടുളളത്. വിറ്റമിനുകളും നാരുകളും നിറഞ്ഞ മാമ്പഴത്തിന്റെ ഗുണവും സ്വാദും സൗദിയിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ലുലു സന്തുഷ്ടരാണെന്ന് ഷെഹിം മുഹമ്മദ് പറഞ്ഞു, സൗദിയിലെ കാര്‍ഷികോല്‍പ്പന്നങ്ങളും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് 24 ഇനം സൗദി മാമ്പഴങ്ങള്‍ ലുലു സ്‌റ്റോറുകളിലെത്തിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സൗദി അറേബ്യയിലെ തായ്‌ലന്‍ഡ് അംബാസഡര്‍ ദാം ബൂന്തം, നയതന്ത്ര ഉദ്യോഗസ്ഥര്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.