
റിയാദ്: സൗദിയിലെ ഫുര്‍സാന്‍ ദ്വീപില്‍ മറൈന്‍ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ആംബലന്‍സ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രത്യേകം നിര്‍മിച്ച മറൈന്‍ ആംബുലന്‍സിന് 1.36 കോടി റിയാലാണ് ചെലവ്. ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം ജസാന്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസിര്‍ ഉദ്ഘാടനം ചെയ്തു. തീവ്രപരിചരണം ആവശ്യമുളള രോഗിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നത് ഉള്‍പ്പെടെ മൂന്ന് ബെഡുകളാണ് ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടുളളത്. അഞ്ച് ബെഡുകള്‍ ഉള്‍ക്കൊളളാനുളള ശേഷി ആംബുലന്‍സിനുണ്ട്.

സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജസാനില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെ ചെങ്കടലിലാണ് ഫുര്‍സാന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് മറൈന്‍ ആംബുലന്‍സിന് 45 മിനുട്ടിനകം ജസാന്‍ തുറമുഖത്ത് എത്തിച്ചേരാന്‍ കഴിയും. ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രായലം പ്രവിശ്യാ ഡയറക്ടര്‍ ഡോ. അവാജി അല്‍ നഅമി, ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറിമാരായ ഡോ. അബ്ദുല്ല അല്‍ സ്വഗര്‍, ഡോ. സുല്‍ത്താന്‍ അല്‍ ഖര്‍സൂഹ്, ഫുര്‍സാന്‍ ദ്വീപ് ഗവര്‍ണര്‍ അബ്ദുല്ല അല്‍ ദാഫിരി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.