റിയാദ്: സൗദി അറേബ്യയിലെ സ്വപ്ന പദ്ധതിയായ നിയോം സിറ്റിയില്‍ 15 ഗിഗാവാട് പുനരുപയോഗ ഊര്‍ജ്ജം ഉത്പ്പാദിപ്പിക്കുമെന്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. നിയോം സിറ്റിയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ കരാര്‍ ഒപ്പുവെച്ചതിന്‌ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും നിയോം സിഇഒ നദ്മി അല്‍ നാസറും വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിയോം സിറ്റിയുടെ വിസ്തൃതി ഇടത്തരം രാജ്യത്തേക്കാള്‍ വലുതാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ചെങ്കടല്‍ തീരത്ത് 26000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിയോം സിറ്റി നിര്‍മാണം പുരോഗമിക്കുന്നത്.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ സുപ്രധാന പദ്ധതികളിലൊന്നാണിത്. പദ്ധതി പ്രദേശത്തെ നിര്‍മാണം നിശ്ചിത സമയത്ത് ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. 2030 ആകുന്നതോടെ 15 ഗിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുകയാണ് നിയോം ലക്ഷ്യം വെക്കുന്നത്. ഇത് രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ നാലിലൊന്നിന് സമമാണെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.